വീശി വീശി ഉറക്കാം ഞാൻ…
ചെറിയ ക്ലാസുകളിലെ കുട്ടികള്‍ ക്ലാസില്‍ ഉറങ്ങുന്നത് സാധാരണയായി കാഴ്ചയാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും ഉച്ചയൂണ് കഴിഞ്ഞുള്ള സമയങ്ങളിൽ ക്ലാസ് മുറിയിൽ പഠിപ്പിക്കുന്നതിനിടെ അദ്ധ്യാപരുടെ കണ്ണുകൾ അടഞ്ഞുപോകാറുണ്ട്. അധ്യാപകർ ആണെന്ന് കരുതി അവരും മനുഷ്യരാണ് എന്ന പരിഗണന നൽകുമ്പോൾ അത് അത്ര മഹാകാര്യമായി കാണേണ്ടതില്ല. എന്നാൽ ഇപ്പോൾ ഒരു അധ്യാപിക ക്ലാസ് മുറിയിൽ ഉറങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
അദ്ധ്യാപിക ഉറങ്ങിയതല്ല വീഡിയോ പ്രചരിക്കാൻ കാരണം. പകരം ഉറങ്ങുന്ന അധ്യാപികയ്ക്ക് ഒരു വിദ്യാര്‍ത്ഥിനി വിശറി കൊണ്ട് വീശി കൊടുക്കുന്നതാണ് ദൃശ്യത്തിലുള്ളത്. അതാണ് വലിയൊരു ചര്‍ച്ചയ്ക്ക് തന്നെ വഴിവെച്ചതും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്. കസേരയില്‍ ചാരിക്കിടന്ന് ഉറങ്ങുന്ന അധ്യാപികയ്ക്ക് അരികില്‍ യൂണിഫോം ധരിച്ച ഒരു കൊച്ചു പെണ്‍കുട്ടി നിന്ന് വീശി കൊടുക്കുന്നതു വീഡിയോയില്‍ കാണാം. ബിഹാറിലെ പശ്ചിമ ചമ്പാരന്‍ ജില്ലയിലെ ബഗാഹി പുറൈന ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്കൂളിലാണ് സംഭവം നടന്നത്. വിഡിയോ ഉടന്‍ വൈറലാകുകയും നിരവധി പേര്‍ അധ്യാപികയ്ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബബിത കുമാരി എന്ന അധ്യാപികയാണ് വീഡിയോയില്‍ ഉള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.