വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു

തിരുവനന്തപുരം: വർക്കലയിൽ ഇരുനില വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. വർക്കല അയന്തിയിലാണ് ദാരുണമായ സംഭവം. വർക്കല പുത്തൻചന്തയിൽ പച്ചക്കറി കച്ചവടം നടത്തുന്ന പ്രതാപന്റെ കുടുംബമാണ് മരിച്ചത്. പ്രതാപൻ (64), ഭാര്യ ഷെർലി (53), ഇവരുടെ ഇളയ മകൻ അഖിൽ (25), മൂത്ത മകൻ നിഖിലിന്റെ ഭാര്യ അഭിരാമി (24), ഇവരുടെ മകൻ റയാൻ (എട്ടു മാസം) എന്നിവരാണ് മരിച്ചത്. നിഖിൽ ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിഖിലിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണ്.

പുലർച്ചെ വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികളാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. അഗ്നിരക്ഷാസേന എത്തുമ്പോഴേയ്ക്കും വീട്ടിൽ തീ ആളിക്കത്തുകയായിരുന്നു. വീടിന്റെ മുഴുവൻ മുറികളിലേയ്ക്കും തീ പടർന്നിരുന്നു. ഏറെ പണിപ്പെട്ടാണ് വെളുപ്പിന് ആറു മണിയോടെ ഒരുവിധം തീയണയ്ക്കാൻ കഴിഞ്ഞത്. വീടിന്റെ മുൻവശത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങൾക്കും തീപിടിച്ചു.

പോർച്ചിൽ നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾക്കാണ് ആദ്യം തീപിടിച്ചതായി കണ്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അയൽവാസിയായ ശശാങ്കൻ എന്നയാളാണ് വീടിന് തീപിടിച്ചത് ആദ്യം കണ്ടത്. ശശാങ്കർ ബഹളംവച്ചാണ് സമീപത്തെ മറ്റ് വീട്ടുകാർ ഉണർന്നത്. തീ കണ്ട ഉടനെ ശശാങ്കന്റെ മകൻ പ്രതാപന്റെ മകൻ നിഖിലിനെ ഫോൺ ചെയ്തു. നിഖിൽ ഫോൺ എടുക്കുകയും വീടിന് തീപിടിച്ചുവെന്ന് പറഞ്ഞ താഴേയ്ക്ക് ഇറങ്ങിവരികയും ചെയ്തിരുന്നുവെന്നും കുഞ്ഞിനെ എടുക്കട്ടെയെന്ന് പറഞ്ഞ് വീണ്ടും വീടിന്റെ അകത്തേയ്ക്ക് പോവുകയും ചെയ്തുവെന്ന് ശശാങ്കൻ
പറഞ്ഞു. അപകടകാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് അഗ്നിരക്ഷാസേനയും പോലീസും പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button