വിസ്മയ കേസിൽ പുതിയ വഴിത്തിരിവ്, കിരണിന്റെ പിതാവ് കൂറുമാറി
വിസ്മയ കേസിൽ പുതിയ വഴിത്തിരിവ്. കിരണിന്റെ പിതാവ് സദാശിവൻ പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സദാശിവൻ പിള്ളയുടെ മൊഴി. ആത്മഹത്യാക്കുറിപ്പ് താൻ പൊലീസിന് കൈമാറിയെന്ന് സദാശിവൻ പിള്ള മൊഴി നൽകി. ഇതോടെ ഇയാൾ കൂറുമാറിയെന്ന് പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. നേരത്തെ നൽകിയ മൊഴിയിലും മാധ്യമങ്ങൾക്ക് മുന്നിലും ഇയാൾ ആത്മഹത്യാ കുറിപ്പിനെ പറ്റി പറഞ്ഞിരുന്നില്ല.
കഴിഞ്ഞ വർഷം ജൂണിലാണ് പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വച്ച് വിസ്മയ ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. കേരള മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ കിരണിനെ പിന്നാലെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനുമാണ് കേസ് എടുത്തത്.