വിശ്വാസം അതല്ലേ എല്ലാം… പക്ഷേ തെറ്റിപ്പോയി….
ഇക്കഴിഞ്ഞ ഏപ്രില്‍ 28ന് ആണ് ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി സ്‌കൂട്ടര്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന മുത്തുകുമാര്‍ നെടുമങ്ങാട് പോലീസിനെ സമീപിക്കുന്നത്. ഏഴു വയസും ഒന്നര വയസുമുള്ള രണ്ടു മക്കളെ ഉപേക്ഷിച്ച് തന്റെ ഭാര്യ പോകില്ലെന്ന വിശ്വാസത്തിലായിരുന്നു മുത്തുകുമാര്‍. സന്തുഷ്ട കുടുംബമായിരുന്നു മുത്തുകുമാറിന്റേത്. സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയും. യുവതിയെ കാണാതാകുമ്പോള്‍ ഒന്നര വയസുള്ള കുട്ടി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കുഞ്ഞിനെ അയല്‍ വീട്ടിലാക്കിയതിന് ശേഷം നെടുമങ്ങാട് മാര്‍ക്കറ്റില്‍ പോകുന്നുവെന്നാണ് ഇസക്കി അമ്മാള്‍ (29) അയല്‍വാസികളോട് പറഞ്ഞത്. അവരില്‍ നിന്ന് കുറച്ച് പണവും കടം വാങ്ങിയിരുന്നു.
ഇതിനിടെ പരാതി വിശദമായി പഠിച്ച നെടുമങ്ങാട് എസ്.എച്ച്.ഒ എസ്.സന്തോഷ് കുമാര്‍ ഇസക്കി അമ്മാളിന്റെ കോള്‍ ഡീറ്റെയില്‍സ് എടുത്തപ്പോഴാണ് തൂത്തൂക്കുടി ജില്ലയില്‍ ശങ്കരപ്പേരി പണ്ടാരംപട്ടി അശോക് കുമാര്‍(32) മായി നിരന്തരം ഫോണില്‍ സംസാരം ഉണ്ടായിരുന്നുവെന്ന് മനസിലാക്കിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി സി.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തൂത്തുക്കുടിയില്‍ പോയി. ഇരുവരുടെയും നാട്ടിലെത്തിയപ്പോഴാണ് അശോക് കുമാറിനെയും കാണാനില്ലെന്ന വിവരം അറിഞ്ഞത്.
രണ്ടു പേരും കുട്ടിക്കാലം മുതല്‍ അറിയുന്നവരും ഒരു സ്‌ക്കൂളില്‍ പഠിച്ചിരുന്നവരുമാണ്. ഇതോടെ ഇസക്കി പോയത് അശോകിന്റെ കൂടെയാണെന്ന് പോലീസ് ഉറപ്പിച്ചു. ഇതിനിടെ ഇസക്കിയുടെ മൊബൈല്‍ ഓണ്‍ ചെയ്തതോടെ ടവര്‍ ലൊക്കേഷന്‍ പോലീസിന് മനസിലാകുകയായിരുന്നു. ഇസക്കി അമ്മാളും കാമുകനും ഒളിവില്‍ കഴിഞ്ഞിരുന്നത് കാട്ടുകള്ളന്‍ വീരപ്പന്റെ വിഹാര കേന്ദ്രമായിരുന്ന സത്യമംഗലം വനത്തിനടുത്തായിരുന്നു. ഇവിടെ നിന്നാണ് ഇരുവരെയും നെടുമങ്ങാട് പോലീസ് പിടികൂടിയത്.