വിവാഹമോതിരം കടലിൽ വീണു… പിന്നീട്….
വളരെ വലിയ വിലയുള്ള മോതിരം, പാരമ്പര്യമായി കൈമാറ്റം ചെയ്തുവരുന്ന മോതിരം, വിവാഹദിനത്തിൽ ഭർത്താവേറെ സ്നേഹത്തോടെ അണിയിച്ച മോതിരം ഇങ്ങനെ ഒരുപാട് പ്രത്യേകതകൾ ഉണ്ടായിരുന്നു ആ മോതിരത്തിന്. പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം, പെട്ടെന്നൊരു ദിവസം അത് ഊരി കടലിൽ പോയി. ഇത് സംഭവിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ ആണെങ്കിൽ നിങ്ങൾ എന്തു ചെയ്തേനെ? പ്രത്യേകിച്ച് എന്ത് ചെയ്യാനാല്ലേ കുറച്ചുനേരം കടലിലെ തിരകൾ എണ്ണിയതിനുശേഷം തിരിച്ചു വീട്ടിൽ പോരും. എന്നാൽ ഫ്രാൻസിസ്ക ടീൽ എന്ന മസാച്യുസെറ്റ്സ് യുവതി എന്താണ് ചെയ്തതെന്ന് അറിയുമോ അല്പം രസകരമായി വേണമെങ്കിൽ ആ മോതിരത്തിന് പിന്നാലെ ഒരു ഭ്രാന്തിയെ പോലെ അവൾ അലഞ്ഞു എന്ന് തന്നെ പറയാം.
അവധി ആഘോഷിക്കാനാണ് 29കാരിയായ ടീലും ഭർത്താവും ന്യൂ ഹാംപ്ഷെയറിലെ ഹാംപ്റ്റൻ നോർത്ത് ബീച്ചിൽ അന്നെത്തിയത്. പതിവുപോലെ അന്നും അവർ അവിടെ പന്തു കളിക്കാൻ ആരംഭിച്ചു. കളിക്കിടയിൽ എപ്പോഴോ ആണ് ടീൽ അത് ശ്രദ്ധിച്ചത്. തന്റെ വിരലുകളിൽ അണിഞ്ഞിരുന്ന വിവാഹമോതിരം കാണാനില്ല. വീട്ടിലെത്തി പന്തുകളി ആരംഭിക്കും വരെ അത് വിരലിൽ ഉണ്ടായിരുന്നുവെന്ന് ടീലിന് ഉറപ്പായിരുന്നു. അവൾ ഭർത്താവിനോടൊപ്പം അവിടെ മുഴുവൻ അത് പരതി. മണൽ കൂമ്പാരങ്ങൾക്കിടയിലും വെള്ളത്തിലുമൊക്കെയായി കുറേനേരം പരതിയിട്ടും മോതിരം കിട്ടിയില്ല. ഏറെ വിഷമത്തോടെ ഇരുവരും വീട്ടിലേക്ക് മടങ്ങി.
പക്ഷേ, അത്ര വേഗത്തിലും ഒന്നും തന്റെ വിവാഹമോതിരം ഉപേക്ഷിച്ചു കളയാൻ അവൾ തയ്യാറായിരുന്നില്ല. എങ്ങനെയെങ്കിലും മോതിരം കണ്ടെത്തണം. എങ്ങനെ കണ്ടെത്തും എന്നതിനെക്കുറിച്ച് അവൾ ഭ്രാന്തമായി തന്നെ ചിന്തിച്ചു. ഒടുവിൽ ഒരു വഴി തെളിഞ്ഞു. ഉടൻതന്നെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു. പോസ്റ്റിൽ തന്റെ വിവാഹമോതിരത്തെക്കുറിച്ചും അത് നഷ്ടപ്പെട്ടതിനെക്കുറിച്ചും ഒക്കെ വളരെ വിശദമായി തന്നെ അവൾ എഴുതി. ഒപ്പം ഒരു അഭ്യർത്ഥനയും കൂട്ടിച്ചേർത്തു. ബീച്ച് പരിസരങ്ങളിൽ മെറ്റൽ ഡിറ്റക്ടറുമായി സ്ഥിരമായി പോകുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ ദയവുചെയ്ത് തന്റെ മോതിരം കണ്ടെത്തി തരണം എന്നായിരുന്നു അവളുടെ അപേക്ഷ.
ടീലിന്റെ ഭാഗ്യം എന്നോണം ആ പോസ്റ്റ് വളരെ വേഗത്തിൽ നിരവധി ആളുകളിലേക്ക് ഷെയർ ചെയ്യപ്പെട്ടു. മാർഷ്ഫിൽഡിൽ ഉള്ള ലൂ ആസ്കി എന്ന 60കാരന്റെ ശ്രദ്ധയിലും ആ പോസ്റ്റ് പെട്ടു. പിന്നെ അമാന്തിച്ചില്ല ആസ്കി വെറ്റ്‌സ്യൂട്ടും ഹെഡ്‌ലാമ്പും ധരിച്ച് തന്റെ മെറ്റൽ ഡിറ്റക്‌ടർ ഉപയോഗിച്ച് മോതിരം തേടി വെള്ളത്തിലേക്ക് ഇറങ്ങി. ദൗർഭാഗ്യകരം എന്ന് പറയട്ടെ അദ്ദേഹത്തിന്റെ ആദ്യ രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടു. പക്ഷേ, തോറ്റു പിന്മാറാൻ അദ്ദേഹം തയ്യാറായിരുന്നില്ല. വീണ്ടും ഒരുതവണ കൂടി അദ്ദേഹം വെള്ളത്തിലേക്ക് ഇറങ്ങി. അപ്പോഴതാ വെള്ളത്തിനടിയിൽ മണൽ പുറ്റിന് അടിയിൽ കിടക്കുന്നു ടീലിന്റെ പ്രിയപ്പെട്ട വിവാഹമോതിരം. ഉടൻതന്നെ ആസ്കി മോതിരത്തിന്റെ ഒരു ചിത്രം എടുത്ത് ടീലിന് അയച്ചുകൊടുത്തു. ഒപ്പം ഒരു സന്ദേശവും നിങ്ങളുടെ വിവാഹമോതിരം ഇതാണെങ്കിൽ ദയവായി എന്നോട് പറയുക, അങ്ങനെയാണെങ്കിൽ തിരച്ചിൽ അവസാനിപ്പിച്ച് ഞാൻ അങ്ങോട്ട് വരാം.
ആസ്കിയുടെ സന്ദേശം കണ്ട് ടീലിന് സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു. തൻ്റെ നഷ്ടപ്പെട്ട മോതിരം തന്നെയെന്ന് അവൾ തിരിച്ച് അദ്ദേഹത്തിന് മെസ്സേജ് അയച്ചു. ഉടൻതന്നെ അദ്ദേഹം മോതിരവുമായി ടീലിന് അരികിലെത്തി. മോതിരം വാങ്ങി അവളുടെ ഭർത്താവ് പ്രണയപൂർവ്വം വിരലിൽ അണിയിച്ചു.