വാഹനത്തിന്റെ ബാറ്ററികൾ കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ

എല്‍ ഐ സി ഓഫീസിന് സമീപം സൂക്ഷിച്ചിരുന്ന പത്തിയൂർ ദാറുൽ ഈസ വീട്ടിൽ നൗഷാദിന്റെ റിക്കവറി വാഹനത്തിലെ ബാറ്ററികൾ മോഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍. പെരിങ്ങാല, ബിജു ഭവനത്തില്‍ അനി എന്ന് വിളിക്കുന്ന ബിജു (48), കീരിക്കാട് കുളങ്ങരേത്ത് പുതുവൽ വീട്ടിൽ പള്ളി എന്ന് വിളിക്കുന്ന ഹസ്സൻ കുഞ്ഞ് (57), കീരിക്കാട് തയ്യിൽ വടക്കതിൽ വീട്ടിൽ നസീർ (42) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

മോഷണ ബാറ്ററികൾ മൂന്നാം പ്രതിയായ നസീറിന്റെ ആക്രിക്കടയിലാണ് വിൽപന നടത്തിയത്. കായംകുളം സി ഐ മുഹമ്മദ് ഷാഫിക്ക് കിട്ടിയ വിവരത്തിന്റെയടിസ്ഥാനത്തിൽ എസ് ഐ മാരായ ഉദയകുമാർ, ശ്രീകുമാർ, എ എസ് ഐ നവീൻ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, ബിനുമോൻ, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സമാനമായ രീതിയില്‍ വയനാട്ടിലും മോഷണം നടന്നിരുന്നു. റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളിലെ ബാറ്ററികളാണ് രാത്രി സമയങ്ങളിൽ മോഷ്ടാക്കൾ കവരുന്നത്. നാട്ടുകാരുടെ പരാതിയിൽ അമ്പലവയൽ പോലീസ് അന്വേഷണം തുടങ്ങി. എടയ്ക്കൽ ഗുഹയ്ക്ക് സമീപം നിർത്തിയിട്ട ടിപ്പർ ലോറിയുടെ ബാറ്ററിയാണ് അവസാനമായി മോഷണം പോയത്.

എടക്കൽ സ്വദേശി ഷുക്കൂറിന്റെ ടിപ്പർ ലോറിയാണിത്. രാവിലെ വാഹനമെടുക്കാൻ വന്ന സമയത്താണ് ബാറ്ററി മോഷണം പോയത് അറിയുന്നത്. സമീപത്ത് നിർത്തിയിട്ട മറ്റൊരു വാഹനത്തിന്‍റെ ബാറ്ററിയും മോഷ്ടാക്കൾ കവർന്നു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പത്തിലേറെ വാഹനങ്ങളിലെ ബാറ്ററി ഇവിടെ നിന്ന് നഷ്ടമായതായി നാട്ടുകാർ പറയുന്നു.വീടുകളിലേക്ക് വാഹനം കയറ്റാൻ സൗകര്യമില്ലാത്തതിനാൽ റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളിലാണ് രാത്രിയുടെ മറവിൽ മോഷണം നടക്കുന്നത്. പൊലീസിൽ പരാതി നൽകിയിട്ടും മോഷണം തുടരുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.

സമീപപ്രദേശങ്ങളായ മേപ്പാടി, അന്പൂത്തി, ആയിരംകൊല്ലി എന്നിവിടങ്ങളിലും ഇത്തരത്തിൽ ബാറ്ററികൾ നഷ്ടമായിട്ടുണ്ട്. എടക്കൽ ഗുഹ കാണാനെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങളിലും മോഷണം നടക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. അന്പലവയൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Related Articles

Back to top button