വാവാ സുരേഷിന്റെ ശരീരത്തു കയറിയത് മൂന്നിരട്ടി വിഷം
പിടികൂടിയതിലുള്ള വൈരാഗ്യവും രക്ഷപ്പെടാനുള്ള അവസാന ശ്രമമെന്ന നിലയിലും ആണ് മൂർഖൻ വാവാ സുരേഷിനെ കടിച്ചത്. സാധാരണയേക്കാൾ മൂന്നിരട്ടി വിഷമാണ് പാമ്പ് സുരേഷിന്റെ ദേഹത്തേക്ക് കുത്തി ഇറക്കിയത്. കടിച്ചുപിടിച്ച പാമ്പിനെ ശക്തിയോടെ വലിച്ചെടുക്കുന്നത് അന്ന് പുറത്തുവന്ന ദൃശ്യങ്ങളിലും കാണാമായിരുന്നു.
സാധാരണ മൂർഖൻ പാമ്പിന്റെ കടി ഏൽക്കുന്ന ഒരാൾക്ക് 25 കുപ്പി ആന്റി വെനം ആണ് നൽകി വരുന്നത്. സുരേഷിന്റെ ശരീരത്തിൽ കൂടുതൽ അളവിൽ വിഷം കയറിയത് കൊണ്ട് ഇതുവരെ 65 കുപ്പി ആന്റിവെനമാണ് വാവ സുരേഷിന്റെ ശരീരത്തിൽ കുത്തിവെച്ചത്.
പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വാവ സുരേഷിനെ രക്ഷിച്ചത് ഡോക്ടർമാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് കൂടിയാണ്. ദിവസവും മെഡിക്കൽ ബോർഡ് കൂടി ചേർന്ന് വാവ സുരേഷിന്റെ ആരോഗ്യ നില പരിശോധിച്ചിരുന്നു. മരുന്നുകളിൽ വേണ്ട സമയത്ത് നടത്തിയ മാറ്റം ആണ് സുരേഷ് ഇന്ന് ജീവിച്ചിരിക്കാൻ കാരണം.
സാധാരണ ഒരാൾക്ക് നൽകുന്നതിൽ കൂടുതൽ ആന്റിവെനം ആണ് വാവ സുരേഷിന് നൽകിയത് എന്ന് മെഡിക്കൽ ബോർഡിന് നേതൃത്വം നൽകിയ കോട്ടയം മെഡിക്കൽ കോളേജ് സുപ്രണ്ട് ഡോ.ടികെ ജയകുമാർ ആണ് വ്യക്തമാക്കിയത്. ആദ്യം കൊടുത്ത ആന്റിവെനം കൊണ്ട് കാര്യമായ മാറ്റം ഉണ്ടാകാതെ വന്നതോടെയാണ് കൂടുതൽ മരുന്ന് പ്രയോഗിച്ചത് എന്ന് ഡോക്ടർമാർ പറയുന്നു.