വല വീശിയപ്പോൾ കിട്ടിയത്.. പിൻ ഔട്ട് ചെയ്യാത്തതായ ഗ്രനേഡ്…
മാവേലിക്കര: വല വീശിയപ്പോൾ കിട്ടിയത് പിൻ ഔട്ട് ചെയ്യാത്തതായ ഗ്രനേഡ്. ഇന്നലെ രാത്രി തെക്കേക്കര വസൂരിമല ക്ഷേത്രത്തിന് തെക്ക് വശത്തുള്ള റ്റി.എ കനാൽ നിന്നും മീൻ പിടിക്കുന്നതിന് വല വീശിയപ്പോളാണ് പൊട്ടാത്ത ഗ്രനേഡ് ലഭിച്ചത്.
പല്ലാരിമംഗലം പള്ളിയാമ്പലിൽ രാജനാണ് ഗ്രനേഡ് ലഭിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പോലിസ് ഗ്രനേഡ് കുറത്തികാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിലവിൽ ഇത് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇത് നിർവീര്യമാക്കാൻ ബോംബ് സ്ക്വാഡ് രാവിലെ തന്നെ എത്തും.
സൈനികരും മാവോയിസ്റ്റ് സംഘങ്ങളും തീവ്രവാദ ഗ്രൂപ്പുകളും സാധാരണയായി ഉപയോഗിക്കുന്ന അത്യുഗ്ര ശേഷിയുള്ള ഗ്രനേഡ് ആണെന്നാണ് പ്രാഥമിക നിഗമനം. കുറത്തികാട് പ്രദേശങ്ങളിൽ മുമ്പ് മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്നതും ഇപ്പോൾ ഗ്രനേഡ് കണ്ടെത്തിയ സംഭവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.