റെയില്‍വേ കെട്ടിടത്തില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം… നാസുവിന്റെ കഥ ഇങ്ങനെ….
റെയില്‍വേ കെട്ടിടത്തില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ അഞ്ചല്‍ സ്വദേശി നാസു പ്രത്യേക മാനസികാവസ്ഥയുള്ളയാളാണെന്ന് പൊലീസ്. വര്‍ഷങ്ങളോളം ജുവനൈല്‍ ഹോമില്‍ കഴിഞ്ഞിരുന്ന നാസു പലതവണ അവിടെ നിന്നും ചാടിപ്പോകാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ചാടിപ്പോയാലുടനെ സൈക്കിള്‍ മോഷ്ടിച്ച് അഞ്ചലിലെ വീട്ടിലേക്ക് പോകും. പൊലീസിനെ കണ്ടാല്‍ ഓടി രക്ഷപ്പെടാനോ എതിര്‍ക്കാനോ ശ്രമിക്കാതെ അനുസരണയോടെ കൂടെ പോവും.മരച്ചില്ലകളില്‍ കയറിയിറങ്ങുന്നത് ഹരമായ നാസു എത്ര വലിയ മരത്തിലും കയറും. കൊല്ലം നഗരത്തില്‍ മിക്കപ്പോഴും അലഞ്ഞു തിരിഞ്ഞു നടക്കുന്നതായി കാണാറുമുണ്ട്. നാസിം എന്നാണ് ഇയാളുടെ യഥാര്‍ഥ പേര്. ചില്‍ഡ്രന്‍സ് ഹോമില്‍ കഴിയുന്ന സമയത്ത് സമീപത്തുള്ള സ്‌കൂളില്‍ ചേര്‍ത്തെങ്കിലും ഇയാള്‍ പഠനത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഒബ്‌സര്‍വേഷന്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുമ്പോള്‍ ശുചിമുറിയുടെ വെന്റിലേഷനിലൂടെയും ജനല്‍ കമ്പി വളച്ചും രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. ജീവനക്കാരോട് മുന്‍കൂട്ടി പറഞ്ഞ ശേഷമാണ് ഇയാള്‍ എല്ലാ തവണയും ചാടിപ്പോയിരുന്നത്. എപ്പോഴും ചാടിപ്പോകുന്നതുകൊണ്ട് ജുവനൈല്‍ ഹോം ജീവനക്കാരുടെയും പൊലീസിന്റെയും സ്ഥിരം തലവേദനയാണ് നാസു. അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനാല്‍ നഗരത്തിലെ മിക്ക പോലീസുകാര്‍ക്കും ഇയാള്‍ സുപരിചിതനാണ്.സുരക്ഷിതമല്ലാത്ത കുടുംബ പശ്ചാത്തലമായിരുന്നു നാസുവിന്റേതെന്ന് പൊലീസ് പറഞ്ഞു. ജുവനൈല്‍ ഹോമില്‍ കഴിയുമ്പോള്‍ മടക്കിക്കൊണ്ടു പോകാന്‍ ബന്ധുക്കള്‍ എത്തിയിരുന്നില്ല. മുത്തശ്ശി മാത്രമായിരുന്നു ഇടക്കെങ്കിലും നാസുവിനെ കാണാന്‍ എത്തിയിരുന്നത്. ഇതിനിടെ നാസുവിന്റെ പുനരധിവാസത്തിനായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ശ്രമങ്ങള്‍ നടത്തിയിരുന്നു. നാസുവിന് ഏറെ ഇഷ്ടമുള്ള പോത്തിനെ വളര്‍ത്താനായി വാങ്ങി നല്‍കിയെങ്കിലും ശ്രമം വിഫലമായി. കുറച്ചുകാലം ഒരു കടയില്‍ ജീവനക്കാരനായി പ്രവര്‍ത്തിച്ചെങ്കിലും ആ ജോലിയും ഉപേക്ഷിക്കുകയായിരുന്നു. പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട നാസുവിനെ കൊട്ടിയം പൊലീസ് പിടികൂടിയ ശേഷം വിട്ടയച്ചിരുന്നു. എന്നാല്‍ റെയില്‍വേ കെട്ടിടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവായത് ഈ സംഭവമായിരുന്നു. ഉമ പ്രസന്ന എന്ന യുവതിയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞതോടെ സംശയം നാസുവിലേയ്ക്ക് എത്തിയത് നാസുവിന്റെ കൈയിലെ ഫോണ്‍ പിടിച്ചെടുത്തതുകൊണ്ടാണ്. നാസുവിന്റെ കൈയിലെ ഫോണ്‍ കാണാതായ യുവതിയുടേതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സിം കാര്‍ഡ് ഇല്ലാതിരുന്ന ഫോണ്‍ വാങ്ങിവെച്ചെങ്കിലും പൊലീസ് നാസുവിനെ വിട്ടയച്ചു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷമാണ് നാസുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.