രാഹുൽ ഗാന്ധിയുടെ പേരിൽ ആനയൂട്ട് വഴിപാടുമായി വയോധിക…
കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കായി ഗുരുവായൂരിൽ ആനയൂട്ട് വഴിപാടുമായി വയോധിക. എറണാകുളം അങ്കമാലി സ്വദേശിനി ശോഭന രാമകൃഷ്ണനാണ് രാഹുൽ ഗാന്ധിക്കായി ഗുരുവായൂരിൽ ആനയൂട്ട് വഴിപാട് നടത്തിയത്.രാഹുൽ ഗാന്ധി എംപി വയനാട് എന്ന പേരിലാണ് വഴിപാട് ശീട്ടാക്കിയത്. 20,000 രൂപയാണ് വഴിപാട് തുക.ഗാന്ധിയെ അയോഗ്യനാക്കിയപ്പോൾ നേർന്ന വഴിപാടാണെന്ന് ശോഭന രാമകൃഷ്ണൻ പറഞ്ഞു .
2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്. ഈ സമയത്താണ് രാഹുൽ ഗാന്ധിക്കായി വഴിപാട് നേർന്നത് . ആനക്കോട്ടയിൽ എത്തിയ ശോഭന രാമകൃഷ്ണനൊടൊപ്പം ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ, കൗൺസിലർ സി. എസ്. സൂരജ്, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ഒ.കെ.ആർ.മണികണ്ഠൻ എന്നിവർ കൂടെയുണ്ടായിരുന്നു. വഴിപാട് പൂർത്തിയാക്കി കുറച്ചുനേരം ആനക്കോട്ടയിൽ ചിലവഴിച്ചതിന് ശേഷമാണ് ശോഭന രാമകൃഷ്ണൻ മടങ്ങി പോയത്.