രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോകുന്ന മക്കൾ എവിടെയാണ് പോകുന്നതെന്ന് തിരക്കാറുണ്ടോ ? ഒമ്പതാം ക്ലാസുകാരൻ വീട്ടിൽ നിന്നും സ്‌കൂളിൽ പോകുന്നത്…..
രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് എന്ന് പറഞ്ഞ് പോകുന്ന മക്കൾ എവിടെയാണ് പോകുന്നതെന്ന് തിരക്കാറുണ്ടോ ? തിരക്കണം. ഒരോ രക്ഷകർത്താവും സ്വന്തം മക്കളെ വിശ്വസിച്ച് വീട്ടിലിരുന്നാൽ അവർ കൈവിട്ട് പോകുകയാണെന്ന് മനസ്സിലാക്കാൻ വൈകിപ്പോകും. അത്തരം ഒരു ഞെട്ടിക്കുന്ന സംഭവത്തിനാണ് ഇന്ന് കേരളം സാക്ഷ്യം വഹിച്ചത്. ഒമ്പതാം ക്ലാസുകാരൻ വീട്ടിൽ നിന്നും സ്‌കൂളിൽ പോകുന്നു എന്ന് പറഞ്ഞു പോകുന്നത് റെയിൽവേ ട്രാക്കിലെത്തി കഞ്ചാവ് വലിക്കാൻ. റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി പൊലീസും താനൂർ സബ്ഡിവിഷൻ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാകാത്ത 9ാം ക്ലാസ്സുകാരൻ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി.പരപ്പനങ്ങാടി ഓവർ ബ്രിഡ്ജിന് താഴെ റെയിൽവേ ട്രാക്കിൽ നിന്നും വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ ട്രാക്കിൽ നിന്നും അയപ്പൻ കാവ് റെയിൽവെ പുറമ്പോക്കിൽ നിന്നുമാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് അർഷിദ്, (19) പൗരജിന്റെ പുരക്കൽ, പുത്തൻ കടപ്പുറം, പരപ്പനങ്ങാടി , ഉമറുൾ മുക്താർ (21) ഹമീദ്, പത്ത കുഞ്ഞാലിന്റെ പുരക്കൽ, പുത്തൻ കടപ്പുറം, പരപ്പനങ്ങാടി, സൽമാനുൾ ഫാരിസ് (18) സഹദ്, പാണ്ടി വീട്, ആനങ്ങാടി, വള്ളിക്കുന്ന്, മുഷ്താഖ് അഹമ്മദ് (18) അസീസ്, കിഴക്കന്റെ പുരക്കൽ ,ആനങ്ങാടി , വള്ളിക്കുന്ന് എന്നിവരെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.പ്രായപൂർത്തിയാകാത്ത 9-ാം ക്ലാസുകാരൻ വീട്ടിൽ നിന്നും സ്‌കൂളിൽ പോകുന്നു എന്നു പറഞ്ഞിറങ്ങിയിട്ട് കഞ്ചാവ് വലിക്കുവാനായി റെയിൽവേ ട്രാക്കിൽ എത്തുകയായിരുന്നു. പിടിയിലായവരുടെ പേരിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത ആളുടെ പേരിൽ ജുവനൈൽ കോടതിക്ക് റിപ്പോർട്ട് കൈമാറി.നിലവിൽ എൻ.ഡി.പി.എസ് നിയമപ്രകാരം മയക്കുമരുന്ന് ഉപയോഗിച്ചാൽ 6 മാസം തടവ് ശിക്ഷ ലഭിക്കും. പ്രായപൂർത്തി ആകാത്തയാൾക്ക് മയക്കുമരുന്ന് കൊടുത്തയാളുടെ പേരിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. നിയമപ്രകാരം പ്രതിക്ക് 7 വർഷം തടവുശിക്ഷ ലഭിക്കും. പരപ്പനങ്ങാടി സി.ഐ ഹണി കെ.ദാസ്, എസ്.ഐ പ്രദീപ് കുമാർ, പരമേശ്വരൻ പൊലീസുകാരായ രാമചന്ദ്രൻ, രഞ്ചിത്ത്, ദിലീപ്, ഡാൻസാഫ് ടീമംഗങ്ങളായ ആൽബിൻ, സബ റുദീൻ, ജിനേഷ്, വിപിൻ, അഭിമന്യു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഇനിയും റെസിഡൻസ് അസോസിയേഷനുകളും ക്ലബുകളും മറ്റുമായി ചേർന്നുകൊണ്ട് പരിശോധന തുടരുമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.