മർദ്ദനമേറ്റ് റോഡിൽ വീണ് മത്സ്യതൊഴിലാളി മരിച്ചു
അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ മർദ്ദനമേറ്റ് റോഡിൽ വീണ മത്സ്യതൊഴിലാളി മരിച്ചു. തോട്ടപ്പള്ളി പൂത്തോപ്പിൽ കുട്ടപ്പൻ്റെ മകൻ സുനി (51) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 10 ഓടെ കുട്ടികളുടെ പാർക്കിനു സമീപം ആയിരുന്നു സംഭവം. മത്സ്യതൊഴിലാളിയായ സുനി സുഹൃത്തുക്കളുമായി വല വലിക്കാനായി പോകവെ പാർക്കിന് സമീപം വെച്ച് മറ്റൊരു സുഹൃത്തിനെ ഫോണിൽ വിളിച്ചു.ഈ സമയം പാർക്കിൽ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന തോട്ടപ്പള്ളി സ്വദേശിയായ യുവാവ് സുനിയെ അസഭ്യം വിളിച്ചു. ആരാണ് തന്നെ അസഭ്യം പറഞ്ഞതെന്ന് നോക്കുവാനായി പാർക്കിലേക്കു ചെന്ന സുനിയും യുവാവുമായി സംഘർ മുണ്ടാക്കുകുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു.ഇതിനിടയിൽ റോഡിൽ തലയടിച്ചു വീണ് സുനി ബോധരഹിതനായി .ബഹളം കേട്ട് എത്തിയ സുനിയുടെ സുഹൃത്തുക്കൾ തോട്ടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. സ്വകാര്യ ആശുപത്രി അധികൃതർ അമ്പലപ്പുഴ പൊലീസിനെ വിവരം അറിയിക്കുകയും അമ്പലപ്പുഴ പൊലീസെത്തി സുനിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമാർട്ടത്തിനു ശേഷം വൈകിട്ട് 4 ഓടെ ബന്ധുക്കൾക്ക് വിട്ടുനൽകി.തലക്കുപിന്നിൽ ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമാർട്ടത്തിൻ്റെ പ്രാഥമിക വിവരം. മർദ്ദിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. തോട്ടപ്പള്ളി കുട്ടികളുടെ പാർക്ക് മദ്യമയക്കുമരുന്ന് ലോബിയുടെ പിടിയിലാണെന്നാണ് നാട്ടുകാർ പറയുന്നത്.ഇവിടെ നിന്നാണ് തെക്കൻ മേഖലയിലേക്കും, തീരദേശത്തേക്കും കഞ്ചാവ് വിതരണം ചെയ്യുന്നതെന്നും പ്രദേശവാസികൾ പറയുന്നു. കുറ്റിക്കാടുകൾ വളർന്ന് കിടക്കുന്നതിനാലും, വെളിച്ചമില്ലാത്തതിനാലും ഈ ഭാഗത്തേക്ക് നാട്ടുകാർ എത്താറില്ല.
ഭാര്യ – രജിമോൾ.
മക്കൾ – സുകന്യ ,സരുൺ.
മരുമകൻ – ജിനു.