മോഷ്ടാക്കളെ പേടിച്ച്പറമ്പിൽ കുഴിച്ചിട്ടപണവും സ്വർണവും എവിടെ?

ഓച്ചിറ : മോഷ്ടാക്കളെ പേടിച്ച് പണവും സ്വർണവും പറമ്പിൽ കുഴിച്ചിട്ടു. 20 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും ആധാർ, തിരിച്ചറിയൽ കാർഡുകളുമാണ് കുഴിച്ചിട്ടത്. എന്നാൽ ബന്ധുവീട്ടിൽ നിന്നും തിരികെ എത്തിയപ്പോൾ എവിടെയാണ് കുഴിച്ചിട്ടതെന്ന് വീട്ടമ്മ മറന്നു.ഓച്ചിറ ചങ്ങൻകുളങ്ങര കൊയ്പള്ളിമഠത്തിൽ അജിതകുമാരി(65)യാണ് സ്വർണവും പണവും പറമ്പിൽ കുഴിച്ചിട്ടത്. കഴിഞ്ഞ ഒക്ടോബറിൽ ഭർത്താവ് രാമവർമത്തമ്പുരാനൊപ്പം ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് ഇവർ സ്വർണവും പണവും സുരക്ഷിതമായി പറമ്പിൽ കുഴിച്ചിട്ടത്. ഇവരുടെ ഏകമകൻ വിദേശത്താണ്. ബന്ധുവീട്ടിൽനിന്ന് തിരികെ വന്നപ്പോൾ രണ്ടുദിവസം ബാങ്ക് അവധിയായിരുന്നു. തുടർന്ന് ഇവർക്ക് കോവിഡ് ബാധിച്ചതിനാൽ സ്വർണവും പണവും തിരികെ എടുത്തില്ല. ദിവസങ്ങൾ കഴിഞ്ഞതോടെ കുഴിച്ചിട്ട സ്ഥലം വീട്ടമ്മ മറന്നു.സ്വർണവും പണവും രേഖകളും കണ്ടെത്താൻ പറമ്പിൽ പലയിടങ്ങളിലും കുഴിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. തുടർന്ന് കഴിഞ്ഞദിവസം വാർഡ് അംഗം ആനേത്ത് സന്തോഷിനെ വിവരം അറിയിച്ചു. വാർഡ് അംഗം ഇവരുമൊത്ത് ഓച്ചിറ പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകിയതോടെയാണ് സ്വർണം കണ്ടെത്താൻ പൊലീസ് എത്തിയത്. സ്റ്റേഷൻ പി.ആർ.ഒ നൗഷാദ്, ഹോംഗാർഡ് സുകുമാരൻ, വാർഡ് അംഗം എന്നിവരുടെ നേതൃത്വത്തിൽ വീട്ടമ്മ പറഞ്ഞയിടങ്ങളിൽ കുഴിച്ചുനോക്കിയെങ്കിലും സ്വർണവും പണവും കണ്ടെത്താനായില്ല. തുടർന്ന് പറമ്പിന്റെ ഒരുഭാഗം മൊത്തം കുഴിച്ചതോടെയാണ് പ്ലാസ്റ്റിക് കവറിൽ കെട്ടി ഭദ്രമായി കുഴിച്ചിട്ട സ്വർണവും പണവും തിരിച്ചറിയൽ രേഖകളും ലഭിച്ചത്. പൊലീസ് അവ വീട്ടമ്മയ്ക്കു കൈമാറിയെങ്കിലും വീട്ടിൽ വെക്കാൻ പേടിയാണെന്നു പറഞ്ഞതിനെത്തുടർന്ന് ആഭരണങ്ങൾ സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. ആഭരണങ്ങൾ അടുത്തദിവസം ബാങ്ക് ലോക്കറിലേക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button