മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനിയെ 10 മാസമായി പീഡിപ്പിച്ചുവന്ന 4 പേർ പിടിയിൽ
മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. തുടയന്നൂർ പോതിയാരുവിള സജീർ മൻസിലിൽ സുധീർ (39), പോതിയാരുവിള വിഷ്ണുഭവനിൽ മോഹനൻ (59), ചിതറ കുളത്ത ഫൈസൽഖാൻ മൻസിലിൽ ബഷീർ (52), ചിതറ കിഴക്കുംഭാഗം ചരുവിള പുത്തൻവീട്ടിൽ മുഹമ്മദ് നിയാസ് (25) എന്നിവരാണ് പൊലീസ് പിടിയിലായത്. കടയ്ക്കൽ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ജൂൺ മുതൽ കുട്ടി പീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു. പ്രതികളായ സുധീറും മുഹമ്മദ് നിയാസും പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. സ്കൂളിൽ നടത്തിയ കൗൺസലിങ്ങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കടയ്ക്കൽ പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിന് ശേഷം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.