മുഖം മിനുക്കി, പുതിയ പരിഷ്കരണവുമയി കെ.എസ്.ആർ.ടി.സി…..

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ പുതുക്കി, രക്ഷപ്പെടുത്തിയെടുക്കുമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിന് പിന്നാലെ പരിഷ്കാരങ്ങളടങ്ങിയ ഉത്തരവ് പുറത്തിറക്കി ഗതാഗത വകുപ്പ്. യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന കാര്യങ്ങളാണ് ഇതിലേറെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്.  ഡ്രൈവര്‍മാര്‍ മദ്യപിച്ച് വണ്ടിയോടിക്കുന്നത് തടയാണ് ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതാണ് ശ്രദ്ധേയമായ ഒരു തീരുമാനം. ജോലിക്ക് കയറുന്നതിന് മുമ്പ് ഡ്രൈവര്‍മാര്‍ ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നടത്തിയിരിക്കണം. മദ്യപിച്ച് ജോലിക്കെത്തുന്നു എന്ന് പല കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെയും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ബസില്‍ സീറ്റുണ്ടെങ്കില്‍ യാത്രക്കാര്‍ കൈ കാണിച്ചാല്‍ നിര്‍ത്തണം, രാത്രിയാണെങ്കില്‍ 10 മണി മുതല്‍ പുലര്‍ച്ചെ ആറ് വരെയുള്ള സമയങ്ങളില്‍ യാത്രക്കാര്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണം, നിർത്തുന്ന സ്ഥലം യാത്രക്കാർക്ക് കാണുന്ന രീതിയിൽ എഴുതി പ്രദർശിപ്പിക്കണമെന്നും ഉത്തരവ്. മിന്നല്‍ സര്‍വീസുകള്‍ക്ക് ഒഴികെ ഈ നിര്‍ദേശങ്ങള്‍ ബാധകമായിരിക്കും. സ്ത്രീ സുരക്ഷ കണക്കിലെടുത്ത് രാത്രി 8 മണി മുതല്‍ രാവിലെ ആറ് വരെ മിന്നലൊഴികെയുള്ള എല്ലാ ബസുകളും സ്ത്രീകളാവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍ത്തണം. ബസില്‍ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുള്ളവര്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, കുട്ടികള്‍ എന്നിവരെ ബസില്‍ കയറാനും ഇറങ്ങാനും സഹായിക്കണം, യാത്രക്കാരുടെ പരാതികളില്‍ കൃത്യമായ ഇടപെടലുകളുണ്ടാകണം, നിരത്തിലെ മറ്റ് വാഹനങ്ങള്‍, ആളുകള്‍ എന്നിവരുടെ സുരക്ഷ കണക്കിലെടുത്ത് ബസ് ഓടിക്കണം, വൃത്തിയുള്ള ശുചിമുറികളുള്ള ഹോട്ടലുകളില്‍ മാത്രമേ ബസ് നിര്‍ത്താൻ പാടുള്ളൂ, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ടോയ്‍ലറ്റ് ഉണ്ടെന്ന് ഉറപ്പിക്കണം, യാത്രക്കാര്‍ അന്നദാതാവാണെന്നും ഉത്തരവ്. യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാകുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് ഓരോന്നും. എന്നാല്‍ എത്രമാത്രം കൃത്യമായി ഇത് പാലിക്കപ്പെടുമെന്ന് കണ്ടുതന്നെ അറിയണം.

Related Articles

Back to top button