മാവേലിക്കരയിൽ സിന്തറ്റിക് മയക്കുമരുന്ന് വേട്ട…. ആറുപേർ പിടിയിൽ…..
മാവേലിക്കര: സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി ആറുപേർ പിടിയിൽ. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് ചാക്കടയിൽ കണ്ടത്തിൽ ഹരിപ്രസാദ് (18), തട്ടാരമ്പലം കണ്ടിയൂർ വടക്കേ വിളയിൽ വീട്ടിൽ ആകാശ് (27), കണ്ടിയൂർ കളരിയിൽ വീട്ടിൽ അമൽ (23), കണ്ണമംഗലം ആഞ്ഞിലിപ്രാ മണ്ണൂത്തറയിൽ വീട്ടിൽ അഭി.എ (23), മറ്റം തെക്ക് കൃഷ്ണ ഭവനത്തിൽ രാഹുൽ കൃഷ്ണൻ (25), കണ്ടിയൂർ കൃഷ്ണ ഭവനത്തിൽ നന്ദു കൃഷ്ണൻ (22) എന്നിവരാണ് 6 ഗ്രാം എം.ഡി.എം.എയുമായി മാവേലിക്കര പൊലീസിന്റെ പിടിയിലായത്. ഗംഗാപ്രസാദിനെ മാവേലിക്കരയിലെ ബാറിനു മുന്നിൽ വച്ചും മറ്റുള്ളവരെ തട്ടാരമ്പലത്തെ ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്. സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപെട്ട എം.ഡി.എം.എ മാവേലിക്കരയിൽ കച്ചവടം നടത്തുന്ന സംഘത്തെകുറിച്ച് ജില്ലാ പൊലീസ് മേധാവി ജി.ജെയ് ദേവിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഡോ.ആർ.ജോസിന്റെ നേതൃത്വത്തിൽ മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ സി.ശ്രീജിത്തും സംഘവും തിങ്കളാഴ്ച ഉച്ചക്ക് 2 മണി മുതൽ രാത്രി 12.30 വരെ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.ഇവർ മാസത്തിൽ രണ്ടോ മുന്നോ തവണ സംസ്ഥാനത്തിന് പുറത്തുപോയി എം.ഡി.എം.എ വാങ്ങാറുണ്ടെന്നും മാവേലിക്കര കേന്ദ്രികരിച്ചു ചെറുകിട കച്ചവടവും ഉപയോഗവും നടത്തുന്നുണ്ടെന്നും സമ്മതിച്ചിട്ടുണ്ട്. എം.ഡി.എം.എ ഗ്രാമിന് 1500 രൂപക്ക് വാങ്ങുന്ന ഇവർ ഗ്രാമിന് 2000 രൂപ നിരക്കിലാണ് വിൽക്കുന്നത്. പോലീസ് ഇൻസ്‌പെക്ടർ സി.ശ്രീജിത്ത്, എസ്.ഐമാരായ പ്രഹ്ലാദൻ.സി, ആനന്ദകുമാർ.ആർ, എസ്.സി.പി.ഓമാരായ സിനു വർഗീസ്, രാജേഷ് കുമാർ.ആർ, ശാലിനി.എസ്.പിള്ള, സി.പിഓമാരായ ഗിരീഷ് ലാൽ വി.വി, ജവഹർ.എസ്, അരുൺ ഭാസ്ക്കർ, ശരത് കുമാർ.എസ്, അനൂപ് എന്നിവർ ചേർന്നാണ് പ്രതികളെ മയക്കു മരുന്ന് സഹിതം പിടികൂടിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.