മാല പൊട്ടിക്കാനെത്തിയ യുവാക്കളെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു

മാവേലിക്കര: മാല പൊട്ടിക്കാനെത്തിയ യുവാക്കളെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു പൊലീസിന് കൈമാറി. ഇന്നലെ രാത്രി 10 മണിയോടെ മാവേലിക്കര ളാഹ ജംഗ്ഷന് തെക്കുവശം കടയടച്ച ശേഷം വേസ്റ്റ് കത്തിക്കാൻ പുറത്ത് നിന്ന സ്ത്രീയുടെ മാല പൊട്ടിച്ചെടുക്കാനാണ് യുവാക്കൾ എത്തിയത്. പത്തിയൂർ പത്തിയൂർക്കാല കീരിക്കാട് പാർവ്വതി ഭവനത്തിൽ പ്രവീൺ (24), കീരിക്കാട് കരുവറ്റുംകുഴി ഹുസൈൻ മൻസിലിൽ സൽമാൻ (18) എന്നിവരെയാണ് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.ബിവറേജസ് ഭാഗത്തു നിന്നും നടന്നു വന്ന പ്രതികളിൽ പ്രവീൺ പതുങ്ങി വന്ന് സ്ത്രീയുടെ കഴുത്തിൽ കിടന്ന 5 പവൻ സ്വർണ്ണ മാല പൊട്ടിച്ചു. എന്നാൽ പൊട്ടിയ മാല സ്ത്രീയുടെ കൈയ്യിൽ കിട്ടി. അവരുടെ നിലവിളി കേട്ട് ഓടിയെത്തിയ ഭർത്താവും നാട്ടുകാരും ചേർന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ പിടികൂടുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ മാവേലിക്കര എസ്.ഐ മുഹ്സിൻ മുഹമ്മദ്.എസ്.എന്നിന്റെ നേതൃത്വത്തിൽ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികൾ വന്ന ഇരുചക്ര വാഹനം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button