മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾക്ക് സ്വത്തിന് തുല്യ അവകാശമില്ല
മാതാപിതാക്കൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവരുടെ സ്വത്തിൽ മക്കൾക്കും തുല്യ അവകാശം ഉണ്ടെന്ന് പറയാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഭർത്താവിന്റെ നിയമപരമായ രക്ഷാധികാരിയാകാൻ ഒരു സ്ത്രീ നൽകിയ ഹർജിയിൽ വിവാഹിതരായ രണ്ട് സഹോദരിമാരോടൊപ്പം ഇടപെടാൻ ശ്രമിച്ച മകനോടായിരുന്നു കോടതിയുടെ പ്രതികരണം. മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവരുടെ രണ്ട് ഫ്ലാറ്റുകളിൽ മകനും തുല്യ അവകാശമുണ്ടെന്ന് പറയാൻ നിയമപരമായി സാധിക്കില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി.
നിങ്ങളുടെ അച്ഛനും അമ്മയും ജീവിച്ചിരിപ്പുണ്ട്. നിങ്ങളുടെ പിതാവിന്റെ സ്വത്തിൽ നിങ്ങൾ താല്പര്യം കാണിച്ചതായും അറിവില്ല. അദ്ദേഹത്തിന് അത് വിൽക്കാൻ എല്ലാ അവകാശവുമുണ്ട്. അതിന് നിങ്ങളുടെ അനുവാദം ആവശ്യമില്ല. മനസ്സിലായോ?, ജസ്റ്റിസുമാരായ ഗൗതം പട്ടേലും മാധവ് ജംദാറും കേസിൽ വിധി പ്രഖ്യാപിക്കവേ മകനോട് പറഞ്ഞു. ഹർജി നൽകിയ സ്ത്രീയാണ് അവരുടെ ഭർത്താവിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത്. അദ്ദേഹം ഡിമെൻഷ്യ ബാധിതനാണ്. ഒന്നിലധികം തവണ അറ്റാക്ക് ഉണ്ടായിട്ടുണ്ട്. പലപ്പോഴും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുമുണ്ട്. കൂടാതെ ന്യൂമോണൈറ്റിസ് വന്ന് കിടപ്പിലാണ്. അദ്ദേഹത്തിന് ഓക്സിജൻ നൽകുന്നത് മൂക്കിലൂടെയും ഭക്ഷണം നൽകുന്നത് റൈൽസ് ട്യൂബിലൂടെയുമാണ്. കണ്ണുകൾ ചലിക്കുന്നുണ്ടെങ്കിലും ആരുമായും സമ്പർക്കം പുലർത്താനോ സംസാരിക്കാനോ കാര്യങ്ങൾ മനസ്സിലാക്കാനോ ഒപ്പിടാനോ തീരുമാനം എടുക്കാനോ അദ്ദേഹത്തിന് കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.