മധ്യവയസ്കയായ വീട്ടമ്മയെ 17-കാരൻ ലൈംഗികമായി പീഡിപ്പിച്ചു, ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു
മധ്യവയസ്കയായ വീട്ടമ്മയെ ലൈംഗിക പീഡിപ്പിക്കുകയും ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും ചെയ്ത 17-കാരൻ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു രക്ഷപ്പെട്ടു. ഉച്ചയ്ക്ക് വീടിന്റെ പിൻവാതിലിലൂടെ കയറിവന്ന ഇയാൾ വീട്ടമ്മയെ ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കി. പിന്നീടാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്.
തോളെല്ലിനും തലയോട്ടിക്കും സാരമായി പരിക്കേറ്റ വീട്ടമ്മ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലമ്പൂറിലാണ് സംഭവം. സംഭവത്തിൽ കേസ് എടുത്ത പോലീസ് ഡിവൈ.എസ്.പി സാജു കെ.എബ്രഹാമിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ നവീൻ ഷാജ്, എം. അസൈനാർ, എസ്.സി.പി.ഒ. എൻ.പി. സുനിൽ എന്നിവരുൾപ്പെട്ട പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തുടർന്ന് കുറ്റാരോപിതനെ കൊണ്ടോട്ടി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് രാത്രി പത്തുമണിയോടെ പിടികൂടി. കോഴിക്കോട് പന്തീരാങ്കാവ് പോലീസിൽ ബൈക്ക് മോഷണക്കേസിൽ പിടിയിലായ ആളാണിത്.
മോഷ്ടിച്ച രണ്ട് മൊബൈൽ ഫോണുകളിൽ ഒന്ന് മഞ്ചേരിയിലെ ഷോപ്പിലും മറ്റൊന്ന് കോഴിക്കോട് ഒരു സുഹൃത്തിനും വിറ്റതായി ഇയാൾ പറഞ്ഞു. ബൈക്ക് വാങ്ങാൻ പണം കണ്ടെത്താനായി മോഷണം നടത്താനാണ് എത്തിയതെന്നും ഇയാൾ പറഞ്ഞു. പിടിവലിക്കിടെ ഇയാളുടെ കൈത്തണ്ടയിൽ കടിയേറ്റ പാടുണ്ട്. കുറ്റാരോപിതനെ തെളിവെടുപ്പിനുശേഷം ശിശുക്ഷേമസമിതി മുമ്പാകെ ഹാജരാക്കും.