മത്സ്യക്കുരുതി 7.5 ലക്ഷത്തിന്റെ നഷ്ടമെന്ന് കര്‍ഷകര്‍….
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി. രാസമാലിന്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. ഓക്‌സിജന്റെ അളവ് കുറഞ്ഞതാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ലാബിലെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സബ് കളക്ടര്‍ക്ക് കൈമാറി. ചത്ത മീനുകളുടെ സാമ്പിളുകളുടെ ഫലം കുഫോസില്‍ നിന്നും ലഭിച്ച ശേഷം സമര്‍പ്പിക്കും.
മത്സ്യകുരുതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കര്‍ഷകനായ സ്റ്റാന്‍ലി ഡിസ്ല്‍വ നല്‍കിയ പരാതിയില്‍ ഏലൂര്‍ പൊലീസാണ് കേസെടുത്തത്. ഏലൂര്‍ നഗരസഭയും പരാതി നല്‍കിയിരുന്നു.ഏഴര ലക്ഷം രൂപയുടെ മത്സ്യങ്ങള്‍ ചത്തുവെന്നും ഇതിന് കാരണക്കാരായവര്‍ക്കെതിരെ നടപടി വേണമെന്നുമാണ് പരാതിയില്‍ ഉന്നയിക്കുന്നത്. അതിനിടെ ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി. സജീഷ് ജോയിക്ക് പകരം റീജിയണല്‍ ഓഫീസിലെ സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എംഎ ഷിജുവിനെ നിയമിച്ചു.



