മത്സ്യകന്യകയുടെ രഹസ്യം തേടി ഗവേഷകർ
സ്ത്രീയുടെ ശരീരവും മത്സ്യത്തിന്റെ ശരീരവും ചേർന്ന മത്സ്യകന്യകയെ കുറിച്ചുള്ള കഥകൾ പല നാടുകളിൽ നിന്നുള്ള നാടോടിക്കഥകളിൽ നിലനിൽക്കുന്നുണ്ട്. വെറും ഐതീഹ്യ കഥാപാത്രങ്ങൾ മാത്രമാണ് ഇവയെന്നാണ് കരുതപ്പെടുന്നത്. മത്സ്യകന്യകയെ പോലെ തന്നെ മത്സ്യകന്യകന്മാരെ കുറിച്ചുള്ള കഥകളും ഉണ്ട്. എന്നാൽ ഇപ്പോൾ പറഞ്ഞുകേട്ട മത്സ്യകന്യകയെ പോലെ രൂപമുള്ള 300 വർഷം പഴക്കമുള്ളൊരു മമ്മിയുടെ രഹസ്യം തേടുകയാണ് ഒരു കൂട്ടം ജാപ്പനീസ് ഗവേഷകർ. ഈ മമ്മി കന്യകയാണോ കന്യകനാണോ എന്ന് വ്യക്തമല്ല.
കൂർത്ത പല്ലുകളുണ്ട്, കരയുന്ന മുഖഭാവം. വിരലുകളോടുകൂടിയ രണ്ട് കൈകളും തലമുടിയും പുരികവുമുണ്ട്. മുകൾ ഭാഗം മനുഷ്യ രൂപമാണെങ്കിലും താഴേക്ക് മത്സ്യത്തിന് സമാനമായ രൂപമാണ്. ഇവിടെ ചെതുമ്പലുകളും ചുരുണ്ട വാലറ്റവുമുണ്ട്. കേൾക്കുമ്പോൾ ആർക്കും അമ്പരപ്പ് തോന്നുന്ന ഈ മമ്മിയുടെ രഹസ്യം തേടിയിറങ്ങിയത് ജപ്പാനിലെ കുറാഷികി സയൻസ് ആന്റ് ആർട്സ് സർവകലാശാലയിലെ ഗവേഷകരാണ്.
12 ഇഞ്ച് നീളമുള്ള ഈ ജീവിയെ 1736 നും 1741 നും ഇടയിൽ ജാപ്പനീസ് ദ്വീപായ ഷികോകുവിന് സമീപം പസഫിക് സമുദ്രത്തിൽ നിന്നാണ് പിടികൂടിയതാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇപ്പോഴത് മമ്മിഫൈ ചെയ്ത നിലയിൽ അസാകുചി നഗരത്തിലെ ഒരു ക്ഷേത്രത്തിൽ ചെറിയ പെട്ടിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഈ പെട്ടിയിൽ പസഫിക് സമുദ്രത്തിൽ നിന്ന് മത്സ്യബന്ധനത്തിനിടെയാണ് ഇതിനെ കിട്ടിയതെന്ന് എഴുതിയ ഒരു കുറിപ്പും ഉണ്ടായിരുന്നു. ഉണങ്ങിയ മെർമേഡിനെ ഒരു കുടുംബമാണ് ആദ്യം സൂക്ഷിച്ചിരുന്നതെന്നും പിന്നീടത് മറ്റൊരാൾക്ക് കൈമാറുകയും അതിനുശേഷമാണ് ക്ഷേത്രം ഏറ്റെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒട്ടനവധി ഐതീഹ്യ കഥകൾ മത്സ്യകന്യകയുമായി ബന്ധപ്പെട്ട് ജപ്പാനിൽ പ്രചാരത്തിലുണ്ട്. മത്സ്യകന്യകയുടെ മാംസം കഴിച്ചാൽ അമരത്വം ലഭിക്കുമെന്നുള്ളതാണ് അതിലൊന്ന്. അബദ്ധത്തിൽ മത്സ്യകന്യകയുടെ മാംസം കഴിച്ച സ്ത്രീ 800 വർഷം ജീവിച്ചുവെന്ന കഥയും പറഞ്ഞു കേൾക്കുന്നു. മത്സ്യകന്യകയെ കണ്ടെത്തിയ പ്രദേശത്തെ ക്ഷേത്രത്തിന് ചുറ്റുപാടുമാണ് ഈ ഐതീഹ്യം നിലനിൽക്കുന്നത്.