മകള്‍ക്ക് വേണ്ടി 36 വര്‍ഷം പുരുഷ വേഷം ധരിച്ച് അമ്മ…..
മകള്‍ക്ക് വേണ്ടി 36 വര്‍ഷം പുരുഷ വേഷം ധരിച്ച് അമ്മ. തമിഴ്‌നാട് തൂത്തുക്കുടിയിലാണ് 57കാരിയായ സ്ത്രീ തന്റെ മകളെ ‘സുരക്ഷിതമായി വളര്‍ത്തണം’ എന്ന ചിന്തയില്‍ പുരുഷവേഷം ധരിച്ച് ജീവിച്ചത്. വിവാഹം കഴിഞ്ഞ് 15ാം ദിവസം തന്നെ വിധവയാകേണ്ടി വന്നവളാണ് പെച്ചിയമ്മാള്‍. അന്നവര്‍ക്ക് പ്രായം വെറും 20 വയസ്. ജീവിതത്തില്‍ പെട്ടന്നൊരു നിമിഷം ഒറ്റപ്പെട്ട് പോയ പെച്ചിയമ്മാള്‍ താന്‍ ഗര്‍ഭിണിയാണെന്ന സത്യം തിരിച്ചറിഞ്ഞു. വൈകാതെ തന്നെ അവർ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഷണ്‍മുഖസുന്ദരി എന്ന് പേരിട്ടു.
ബന്ധുക്കള്‍ പെച്ചിയമ്മാളിനെ മറ്റൊരു വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും വഴങ്ങാന്‍ അവള്‍ തയ്യാറായിരുന്നില്ല. മകളെ വളര്‍ത്താന്‍ പെച്ചിയമ്മാള്‍ നിര്‍മാണ സൈറ്റുകളിലും ചായക്കടകളിലും ഹോട്ടലുകളിലും ജോലി ചെയ്തു. ജോലി സ്ഥലത്തും അല്ലാതെയും പെച്ചിയമ്മാള്‍ നിരവധി ആക്രമണങ്ങള്‍ നേരിട്ടു. ലൈംഗികാതിക്രമവും പരിഹാസങ്ങളും മാനസിക പീഡനങ്ങളും പെച്ചിയമ്മാള്‍ അനുഭവിച്ചു. അങ്ങനെയാണ് മകളെ സുരക്ഷിതമായി വളര്‍ത്തണമെങ്കില്‍ ഒരു രൂപമാറ്റം വേണമെന്ന ചിന്തയിലേക്ക് പെച്ചിയമ്മാളെത്തിയത്.
പെച്ചിയമ്മാള്‍ മകളോടൊത്ത് കാട്ടുനായ്ക്കന്‍പട്ടിയില്ലേക്ക് താമസം മാറ്റി. ഇവിടെ ഒരു പുതിയ രൂപമായിരുന്നു പെച്ചിയമ്മാള്‍ സ്വീകരിച്ചത്. വസ്ത്രധാരണ രീതി മാറ്റി, മുടി വെട്ടി, ഷര്‍ട്ടും ലുങ്കിയും ധരിച്ചു. മുത്തു എന്ന് പേരും മാറ്റി. അവിടെ നിന്ന് 36 വര്‍ഷം പെച്ചിയമ്മാള്‍ മുത്തുവായി ജീവിച്ചു. നാട്ടിലുള്ള ബന്ധുക്കള്‍ക്കും മകള്‍ക്കും മാത്രമേ തന്റെ സ്വത്വം അറിയാമായിരുന്നുള്ളൂവെന്ന് പെച്ചിയമ്മാള്‍ പറയുന്നു. ഷണ്‍മുഖസുന്ദരി ഇപ്പോള്‍ വിവാഹിതയായി, കുടുംബം സാമ്പത്തികമായി നല്ല നിലയിലാണ്. എന്നാല്‍ വേഷമോ വ്യക്തിത്വമോ മാറ്റാന്‍ പെച്ചിയമ്മാള്‍ ഇതുവരെ തയ്യാറായിട്ടില്ല. ഐഡന്റിറ്റിയിലെ മാറ്റം തന്റെ മകള്‍ക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കിയെന്നും എന്നിരുന്നാലും എക്കാലവും ‘മുത്തു’ ആയിതന്നെ ജീവിക്കുമെന്നും അവര്‍ പറയുന്നു.