മകന്റെ മൃതദേഹവുമായി പിതാവ് ബൈക്കിൽ സഞ്ചരിച്ചത് 90 കിലോമീറ്റർ
ആംബുലൻസ് ഡ്രൈവർമാരുടെ കൊടുംക്രൂരത. പത്തുവയസുകാരന്റെ മൃതദേഹം സൗജന്യ ആംബുലൻസിൽ കയറ്റാൻ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ അനുവദിക്കാത്തതിനെ തുടർന്ന് പിതാവ് മകന്റെ മൃതദേഹം വീട്ടിലെത്തിച്ചത് ഇരുചക്ര വാഹനത്തിൽ. സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ മൃതദേഹം കൊണ്ടുപോകാൻ 20000 രൂപ ആവശ്യപ്പെട്ടതോടെയാണ് വേറെ വഴിയില്ലാതെ പിതാവ് ഇരുചക്രവാഹനത്തെ ആശ്രയിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ആറ് ആംബുലൻസ് ഓപ്പറേറ്റർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ആന്ധ്രാപ്രദേശിൽ പത്ത് വയസുകാരനായ ജസേവ എന്ന കുട്ടി മരിക്കുന്നത്. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്നാണ് കുട്ടി മരിച്ചത്. ഇവർ താമസിക്കുന്ന അണ്ണാമയ ജില്ലയിലെത്താൻ 90 കിലോമീറ്റർ സഞ്ചരിക്കണം.
ശ്രീകാന്ത് യാദവ് എന്ന വ്യക്തി ഏർപ്പാടാക്കിയ ആംബുലൻസിൽ മൃതദേഹം കയറ്റാൻ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ അനുവദിച്ചില്ല. മരിച്ച മകനെ നെഞ്ചോട് ചേർത്താണ് നരസിംഹയെന്ന പിതാവ് ബൈക്കിന് പിന്നിലിരുന്ന് വീട്ടിലെക്ക് പോയത്. തിരുപ്പതിയിലെ സർക്കാർ ആശുപത്രിയിലാണ് ആരുടെയും കണ്ണ് നനയിക്കുന്ന സംഭവം നടന്നത്. പ്രതിപക്ഷം ഇതിനെതിരെ പ്രതിഷേധവുമായെത്തിയിട്ടുണ്ട്.