ഭർത്താവ് മരിച്ചതോടെ ഭർതൃ വീട്ടുകാരുടെ പീഡനം….പെരുവഴിയിലായി യുവതിയും മക്കളും…

തിരുവനന്തപുരം: ഭര്‍ത്താവ് മരിച്ചതോടെ വീട്ടില്‍ നിന്നും പുറത്താക്കിയെന്ന പരാതിയുമായി യുവതി. തിരുവനന്തപുരം പ്ലാവുവിളയില്‍ ശ്രീദേവിയും മക്കളുമാണ് ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഒരു വര്‍ഷം മുമ്പാണ് ശ്രീദേവിയുടെ ഭര്‍ത്താവ് അജികുമാര്‍ മരിച്ചത്. കുടുംബ വീടിനടുത്ത് നിര്‍മിച്ച ചെറിയ ഷെഡ്ഡിലായിരുന്നു രോഗിയായ ശ്രീദേവിയും ഹൃദ്രോഗിയായ മകളും ഉള്‍പ്പെടുന്ന കുടുംബം താമസിച്ചിരുന്നത്. അജികുമാറിന്‍റെ മരണശേഷം ഭര്‍തൃവീട്ടുകാരെത്തി ഭീഷണിപ്പെടുത്തി വീടൊഴിയാന്‍ ആവശ്യപ്പെടുന്നുവെന്നാണ് പരാതി. കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചു. വീട്ടിലേക്കുള്ള വഴിയുമടച്ചു. കഴിഞ്ഞ ദിവസം ശ്രീദേവിയും മക്കളും സ്വന്തം വീട്ടിലേക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് വീട് മറ്റൊരു പൂട്ടിട്ട് പൂട്ടിയ നിലയില്‍ കണ്ടത്. വീടും സ്ഥലവും തങ്ങളുടെ പേരിലാണെന്നാണ് അജികുമാറിന്‍റെ അമ്മയും സഹോദരിമാരും പറയുന്നത്. സ്വത്തിന് അവകാശികളല്ലെന്നും നിയമപരമായി നീങ്ങുമെന്നുമാണ് ഇവരുടെ നിലപാട്.
അതേസമയം രണ്ടു മക്കളെയും ശ്രീദേവിയെയും പെരുവഴിയിലാക്കുന്നത് അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മനുഷ്യത്വപരമായ സമീപനം ഭര്‍ത്താവിന്‍റെ കുടുംബം സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പക്ഷം. വീട്ടില്‍ നിന്നും ഇറക്കിവിട്ടെന്നും, ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ മര്‍ദിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ശ്രീദേവി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ ഇതുവരെ നടപടിയുണ്ടായില്ലെന്നാണ് ശ്രീദേവി പറയുന്നത്.

Related Articles

Back to top button