ഭർത്താവിന് ലോട്ടറി അടിച്ച പണവുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി
ഭർത്താവിന് എട്ടിന്റെ പണി കൊടുത്താണ് കഴിഞ്ഞ ദിവസം ഒരു യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. ഭർത്താവിന് ലോട്ടറി അടിച്ചു കിട്ടിയ പണം മുഴുവനും മോഷ്ടിച്ചുകൊണ്ടാണ് യുവതി കാമുകനൊപ്പം കടന്നുകളഞ്ഞത്. വളരെ തന്ത്രപരമായിട്ടാണ് ഇവർ ഭർത്താവിനെ പറ്റിച്ചത്.
റോയി എറ്റിലെ ഇസാൻ പ്രവിശ്യയിലെ താമസക്കാരനായ മണിത് എന്നയാളെയാണ് അതിവിദഗ്ധമായി പറ്റിച്ചതിനു ശേഷം ഭാര്യ കാമുകനൊപ്പം കടന്നു കളഞ്ഞത്. ഇയാൾക്ക് 6 ദശലക്ഷം ബാറ്റ് മൂല്യമുള്ള ലോട്ടറിയാണ് അടിച്ചത്. നികുതിയിളവിന് ശേഷം അദ്ദേഹത്തിന് 5,970,000 ബാറ്റ് ബാങ്ക് അക്കൗണ്ടിൽ ലഭിച്ചു. 1,35,86,694 ഇന്ത്യൻ രൂപ വരും ഇത്. തുടർന്ന് ഭാര്യയെ അന്ധമായി വിശ്വസിച്ച ഇയാൾ ലഭിച്ച തുക ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. എന്നാൽ, 45 -കാരിയായ ഇയാളുടെ ഭാര്യ അംഗനരത്ത് എല്ലാം എടുത്ത് കാമുകനോടൊപ്പം ഒളിച്ചോടി.
ഇതോടെ പുതിയൊരു ജീവിതം ആഗ്രഹിച്ച 49 -കാരന് തന്റെ പണമെല്ലാം നഷ്ടമായി. ഭാര്യയിൽ നിന്ന് ഒരിക്കലും ഇങ്ങനെ ഒരു ചതി പ്രതീക്ഷിക്കാതിരുന്ന ഇയാൾ ഇപ്പോൾ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയിരിക്കുകയാണ്. 26 വർഷമായി ഭാര്യാഭർത്താക്കന്മാർ ആയി ജീവിച്ചു വന്നിരുന്ന ഇവർക്ക് മൂന്നു മക്കൾ ഉണ്ട്. ദമ്പതികൾക്കിടയിൽ യാതൊരുവിധ പിണക്കങ്ങളും ഉണ്ടായിരുന്നില്ല എന്നാണ് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.
ലോട്ടറി ലഭിച്ചതിന് സന്തോഷ സൂചകമായി ഇവർ ഒരു ക്ഷേത്രത്തിലേക്ക് 1 ദശലക്ഷം ബാറ്റ് സംഭാവന ചെയ്തിരുന്നു. ഈ ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും ആയിട്ടുള്ളവരും ഇവരുടെ ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു. ആ ചടങ്ങിൽ താൻ ഒരു അപരിചിതനെ കണ്ടുമുട്ടിയിരുന്നുവെന്നും അയാൾ തൻറെ ഭാര്യയുടെ ബന്ധുവാണെന്നാണ് പറഞ്ഞതെന്നും ഇയാൾ പറയുന്നു. എന്നാൽ പിന്നീടാണ് ഇയാൾക്ക് മനസ്സിലായത് അതായിരുന്നു ഭാര്യയുടെ കാമുകൻ എന്നും അവർ ഒളിച്ചോടി പോയത് അയാൾക്കൊപ്പം ആണെന്നും.