ഭാര്യ വിവാഹ വാഗ്ദാനം നൽകി പണം വാങ്ങി…. ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയിൽ…..
ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. കുലശേഖരം സൂര്യകോട് മുള്ളക്കുഴി സ്വദേശി ജോൺ ഐസക് (40), ഭാര്യ സന്ധ്യ(34) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ജോൺ പ്രദേശത്ത് പ്ലമ്പറായി ജോലി ചെയ്യുന്നയാളാണ്. 10 വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്ക് കുട്ടികളില്ല. ജോൺ ഐസക് അറിയാതെ ഭാര്യ സന്ധ്യ അഴകൻപാറ തട്ടൻവിള സ്വദേശി വർഗീസിന്റെ മകൻ പ്രവീൺ എന്നയാളിൽ നിന്നും വിവാഹ വാഗ്ദാനം നൽകി 30 ലക്ഷം രൂപ വാങ്ങിയതായി പറയപ്പെടുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം പ്രവീൺ തന്റെ അമ്മയ്ക്കൊപ്പം സന്ധ്യയുടെ വീട്ടിലെത്തി പണം തിരികെ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് സന്ധ്യയും ഭർത്താവും തമ്മിൽ വഴക്കിട്ടതായി പരിസരവാസികള്‍ പറയുന്നു. രാവിലെ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനാൽ ബന്ധുക്കൾ വീട്ടിലെത്തി നോക്കിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. ജനൽ വഴി നോക്കിയപ്പോൾ സന്ധ്യയെ കിടപ്പുമുറിയില്‍ തൂങ്ങി നിൽക്കുന്നതായും ജോൺസണെ കട്ടിലിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലും കണ്ടെത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കുലശേഖരം പൊലീസ് മൃതദേഹങ്ങൾ ഇൻക്വസ്റ്റിനായി നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സന്ധ്യ ഭർത്താവിന് വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചതാണോ അതോ നാണക്കേട് കൊണ്ട് രണ്ടു പേരും ചേര്‍ന്ന് ആത്മഹത്യ ചെയ്തതാണോ എന്ന് പൊലീസ് അന്വേഷിച്ചുവരുന്നു.