ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി – മൃതദേഹം രണ്ടുദിവസം വീട്ടിനുള്ളില്‍ ഒളിപ്പിച്ചു – ഭര്‍ത്താവ് തൂങ്ങിമരിച്ചു
ഒരു നാടിനെ ഒന്നടങ്കം ഞെട്ടിച്ച അരുംകൊലയാണ് പുറത്ത് വരുന്നത്. ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി രണ്ടുദിവസം വീട്ടിനുള്ളില്‍ മൃതദേഹം ഒളിപ്പിച്ചശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കഴുത്തിലെ മുറിവുമായി വീടിനു പുറത്തിറങ്ങിയ മൂത്തമകള്‍ മഞ്ജു (13)വാണ് അമ്മയും അച്ഛനും വീടിനുള്ളില്‍ മരിച്ചുകിടക്കുന്ന വിവരം അയല്‍ക്കാരെ അറിയിച്ചത്. നാഗര്‍കോവില്‍ കോട്ടാറില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന കുളച്ചല്‍ സ്വദേശി ജോസ് കാന്‍പിയര്‍ (47), ഭാര്യ വനജ (32) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം, രണ്ടു പെണ്‍മക്കളെയും കൈകാലുകള്‍ കെട്ടിയിട്ട ജോസ്, മൂത്ത മകളെ കഴുത്തറുത്ത് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.
മകളുടെ വെളിപ്പെടുത്തലിന് പിന്നാലെ അയല്‍വാസികള്‍ പോയി നോക്കുമ്പോള്‍ വനജ കട്ടിലിനടിയില്‍ മരിച്ചനിലയിലും ജോസിനെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചനിലയിലും ആയിരുന്നു. വിദേശത്തായിരുന്ന ജോസ് കാന്‍പിയര്‍ ഡിസംബറോടെയാണ് നാട്ടില്‍ എത്തിയത്. തുടര്‍ന്നാണ് വാടകവീട്ടില്‍ താമസമായത്. മിശ്രവിവാഹിതരായ ദമ്പതികള്‍ക്കിടയില്‍ വാക്കേറ്റം പതിവായിരുന്നു. ശനിയാഴ്ച ഉച്ചയോടെ ഇരുവരും വാക്കേറ്റമുണ്ടായതിനെ തുടര്‍ന്നാണ് ജോസ് വനജയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് കരുതുന്നു. സ്‌കൂളില്‍ പോയിരുന്ന രണ്ടു പെണ്‍മക്കള്‍ വീട്ടില്‍ എത്തുംമുമ്പ് മൃതദേഹം മുറിക്കുള്ളില്‍ ഒളിപ്പിച്ചു.
വീട്ടിലെത്തിയ കുട്ടികള്‍ അമ്മയെ തിരക്കിയപ്പോഴാണ് ഇരുവരെയും കൈകാലുകള്‍ കെട്ടിയിട്ടത്. അമ്മയെ തിരക്കുമ്പോള്‍ ഭീഷണിപ്പെടുത്തിയിരുന്ന ജോസ് തിങ്കളാഴ്ച ഉച്ചയോടെ മൂത്ത മകളുടെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു. കൊല്ലരുതെന്ന് മകള്‍ യാചിച്ചപ്പോള്‍ മുറിക്കുള്ളില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു. മൂത്തമകള്‍ മഞ്ജുവിനെയും ഇളയമകള്‍ അക്ഷരയെയും പോലീസ് ആശുപത്രിയില്‍ എത്തിച്ചു.