ഭാര്യയെ കടിച്ച പാമ്പുമായി യുവാവ് ആശുപത്രിയിൽ… പേടിച്ച് വിറച്ച് ജീവനക്കാർ….
പാമ്പ് കടിയേറ്റ ഭാര്യയ്ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാന്‍ ഭര്‍ത്താവ് ചെയ്ത സാഹസിക കൃത്യം കൊണ്ട് വലഞ്ഞത് ആശുപത്രി ജീവനക്കാര്‍. ഭാര്യയെ കടിച്ച പാമ്പിനെ തേടിപ്പിടിച്ച് ഭര്‍ത്താവ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതോടെ അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ഭയചകിതരായി. പാമ്പിനെ നന്നായി നോക്കി മനസിലാക്കി ഭാര്യയെ ചികിത്സിക്കാന്‍ ഭര്‍ത്താവ് ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടത് ആശുപത്രിയിലാകെ പരിഭ്രാന്തി പരത്തി. ഉച്ചയോടെ ഉത്തര്‍പ്രദേശിലെ ഉന്നാവിലാണ് സംഭവം നടക്കുന്നത്. അഫ്‌സല്‍ നഗറുകാരനായ രാമേന്ദ്ര യാദവ് എന്നയാളാണ് പാമ്പ് കടിയേറ്റ ഭാര്യയ്‌ക്കൊപ്പം കടിച്ച പാമ്പിനേയും ആശുപത്രിയിലെത്തിച്ചത്.എന്തിനാണ് പാമ്പുമായി ആശുപത്രിയിലെത്തിയതെന്ന് രാമേന്ദ്ര യാദവിനോട് ചോദിച്ചപ്പോള്‍ രസകരമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാമ്പ് കടിയേറ്റയാളെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ ഏത് പാമ്പാണ് കടിച്ചതെന്ന് ചോദിക്കാറുണ്ട്. പാമ്പിനെ കൃത്യമായി ഡോക്ടറെ കാണിക്കാനും അതുവഴി ഭാര്യയ്ക്ക് മികച്ച ചികിത്സ ഒരുക്കാനുമാണ് താന്‍ ശ്രമിച്ചതെന്നും ഇയാള്‍ പറയുന്നു. അതിസാഹസികമായാണ് ഭാര്യയെ കടിച്ച പാമ്പിനെ പിടിച്ചതെങ്കിലും പാമ്പിനെ കൊല്ലാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് രാമേന്ദ്ര യാദവ് പറയുന്നു. പാമ്പിന് ശ്വസിക്കാനായി കുപ്പിയില്‍ നിറയെ ദ്വാരമുണ്ടാക്കി. ചികിത്സയ്ക്കായി പാമ്പിനെ ആവശ്യമില്ലാത്തതിനാല്‍ ഉടന്‍ പാമ്പിനെ തൊട്ടടുത്തുള്ള കാട്ടിലേക്ക് വിടുമെന്നും ഇയാള്‍ പറഞ്ഞു. പാമ്പുകടിയേറ്റ യാദവിന്റെ ഭാര്യയെ ചികിത്സ നല്‍കി വിട്ടയച്ചു.