ഭാര്യയുടെ കുളിമുറി ദൃശ്യം വാട്‌സാപ്പിൽ; സ്റ്റാറ്റസാക്കിയ ഭർത്താവിനെ തിരയുന്നു
സ്വന്തം ഭാര്യയുടെ കുളിമുറി ദൃശ്യം വാട്‌സാപ് സ്റ്റാറ്റസാക്കിയ യുവാവിനെ തിരയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ 30 കാരനായ ഭർത്താവ് ഒളിവിലാണ്. ഭർത്താവിന്‍റെയും വീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെ 28 കാരിയായ യുവതി കുട്ടികളെയും കൊണ്ട് മാസങ്ങൾക്ക് മുമ്പ് സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. പീഡനം സംബന്ധിച്ച് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന്‍റെ പ്രതികാരമായിട്ടാണ് കുളിമുറിയിലെ നഗ്ന ദൃശ്യം പ്രചരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
യുവതിയുടെ പേരിലുള്ള വീട് നൽകണമെന്ന് ആവശ്യപ്പെട്ട് പിണങ്ങിപ്പോയ ശേഷവും ഭർത്താവ് മാനസികമായി പീഡിപ്പിക്കുന്നുണ്ടായിരുന്നു. തനിക്കെതിരെയുള്ള പരാതി പിൻവലിക്കാനും യുവാവ് നിരന്തരം ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു തയാറാകാതെ വന്നതോടെയാണ് യുവാവ് ഭാര്യയുടെ കുളിമുറി ദൃശ്യം വാട്‌സാപ്പ് സ്റ്റാറ്റസാക്കി പ്രചരിപ്പിച്ചത്. മുംബൈയിലാണ് സംഭവം നടന്നത്.