ഭാര്യമാർ 8, ഒരു വീട്ടിൽ താമസം, സമയക്രമം അനുസരിച്ച് ഒരോ ഭാര്യയ്ക്കും ഒപ്പം
എട്ടു ഭാര്യമാർക്കൊപ്പം ഒരു വീട്ടിൽ താമസം, സമയക്രമം അനുസരിച്ച് ഒരോ ഭാര്യയ്ക്ക് ഒപ്പവും സമയം ചിലവിടും. ടാറ്റൂ കലാകാരനായ യുവാവ് ഒരു സുഹൃത്തിന്റെ വിവാഹത്തിന് പോയപ്പോൾ പരിചയപ്പെട്ട യുവതിയെയാണ് ആദ്യമായി വിവാഹം ചെയ്തത്. ദാമ്പത്യം സുഖകരമായി മുന്നോട്ടു പോകുന്നതിനിടിയിൽ രണ്ടാമത്തെ യുവതിയെ പരിചയപ്പടുന്നത്. ഒരു മാർക്കറ്റിൽ വച്ചുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ പ്രണയം തോന്നി. ഒരു ഭാര്യയുണ്ടെന്ന് അറിഞ്ഞിട്ടും യുവതി വിവാഹത്തിന് സമ്മതിച്ചു. അതോടെ രണ്ടാമതും വിവാഹിതനായി. ആശുപത്രിയിൽവച്ചാണ് മൂന്നാം ഭാര്യയെ പരിചയപ്പെട്ടത്. സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ടവരാണ് നാലും അഞ്ചും ആറും ഭാര്യമാരായത്. അമ്മയുമായി ക്ഷേത്രദർശനം നടത്തുമ്പോഴാണ് ഏഴാം ഭാര്യയെ കണ്ടുമുട്ടിയത്. പട്ടായയിൽ നാല് ഭാര്യമാർക്കൊപ്പം അവധി ആഘോഷിക്കാൻ പോയപ്പോൾ കണ്ടുമുട്ടിയ യുവതിയെ എട്ടാം ഭാര്യയായി കൂടെ കൂട്ടുകയായിരുന്നു.
എട്ട് ഭാര്യമാർക്ക് ഒപ്പം കഴിയുന്ന തായ്‌ലൻഡ് സ്വദേശി ഒങ് ഡാം സോറോട്ടിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. തായ്‌ലൻഡിലെ ഒരു സ്വകാര്യ ടിവി ചാനലിൽ വന്ന സോറോട്ടിന്റെ അഭിമുഖമാണ് ലോകം മുഴുവൻ ശ്രദ്ധ നേടിയിരിക്കുന്നത്. 30 ലക്ഷം കാഴ്ചക്കാരാണ് ഇതുവരെ യുട്യൂബിൽ മാത്രം സോറോട്ടിന്റെ ജീവിതകഥ കണ്ടത്. ഊർജസ്വലതയും ചിന്താശേഷിയുമാണ് സോറോട്ടിനെ പ്രണയിക്കാനുള്ള കാരണമെന്ന് ഭാര്യമാർ പറയുന്നു. വളരെ കരുതലോടെയാണ് അദ്ദേഹം തങ്ങളെ നോക്കുന്നതെന്നും വഴക്കിടേണ്ട ഒരു സാഹചര്യവും ജീവിതത്തിൽ ഇല്ലെന്നും ഭാര്യമാർ വ്യക്തമാക്കി. സോറോട്ടിന് ആദ്യ ഭാര്യയിൽ ഒരു കുട്ടിയുണ്ട്. മറ്റ് രണ്ട് ഭാര്യമാർ ഇപ്പോൾ ഗർഭിണികളാണ്. വീട്ടിൽ എല്ലാവർക്കും ഓരോ ചുമതലകളുണ്ട്.