ബ്യൂട്ടിപാർലറിനു മുന്നിൽ നിന്നു മൊബൈൽ ഫോണിൽ സംസാരിച്ചു… പാർലർ ഉടമയായ സ്ത്രീ യുവതിയെ തല്ലിച്ചതച്ചു….
തിരുവനന്തപുരം: തന്റെ ബ്യൂട്ടിപാർലറിനു മുന്നിൽ നിന്നു മൊബൈൽ ഫോണിൽ സംസാരിച്ചതിന് പാർലർ ഉടമയായ സ്ത്രീ യുവതിയെ തല്ലിച്ചതച്ചു. പാർലറിന് മുന്നിൽ നിന്നും ഫോൺ ചെയ്യുന്നത് വിലക്കിയ പാർലർ ഉടമ യുവതിയെ അവരുടെ ഏഴ് വയസ്സുള്ള മകളുടെ മുന്നിലിട്ട് ക്രൂരമായി തല്ലിച്ചതയ്ക്കുക ആയിരുന്നു. മരുതംകുഴി സ്വദേശിയും ബിടെക് ബിരുദധാരിയുമായ ശോഭന(33)യാണ് മർദ്ദനത്തിന് ഇരയായത്. ശാസ്തമംഗലത്തെ ബ്യൂട്ടി പാർലറിന് മുൻപിലാണ് സംഭവം.
കേരള ബാങ്ക് ശാഖയിൽ മകളുമായി എത്തിയ ശോഭന സമീപത്തെ ബ്യൂട്ടിപാർലറിനു മുൻപിൽ നിന്നു മൊബൈൽ ഫോണിൽ സംസാരിച്ചു. പാർലറിന്റെ മുൻപിൽ നിന്നു ഫോണിൽ സംസാരിക്കുന്നത് ഉടമയായ സ്ത്രീ വിലക്കി. ഇതു ചോദ്യം ചെയ്ത ശോഭനയെ ഉടമ കരണത്തടിച്ചു വീഴ്‌ത്തി. ഇതുകണ്ട മകൾ നിലവിളിച്ചിട്ടും പാർലർ ഉടമയായ സ്ത്രീ അടി നിർത്തിയില്ല. ചെരിപ്പുകൊണ്ടും അടിച്ചു.
ഇതുകണ്ട് ദൃശ്യം പകർത്തിയ ആളെ പാർലർ ഉടമയ്‌ക്കൊപ്പം വന്ന യുവാവ് കയ്യേറ്റം ചെയ്യുകയും ശോഭനയെ പിടിച്ചു തള്ളുകയും ചെയ്തു. തന്റെ കയ്യിലിരുന്ന വള പിടിച്ചുവാങ്ങാനും മർദിച്ച സ്ത്രീ ശ്രമിച്ചെന്നും ഇവരുടെ പേര് മീന എന്നാണെന്നും ശോഭന പറഞ്ഞു.
ശോഭനയുടെ പരാതിയിൽ ആദ്യം ഉഴപ്പിയ മ്യൂസിയം പൊലീസ്, മൊബൈൽ ക്യാമറാ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനൊടുവിൽ കേസ് എടുത്തു. കഠിനമായ ദേഹോപദ്രവത്തിനാണ് കേസ്. എന്നാൽ പാർലർ ഉടമയുടെ പേര് എഫ്.ഐ.ആറിൽ ചേർക്കാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയാറായില്ല.