ബൈക്ക് വേണോ..വേണം പണമില്ല പകരം….
ഒരാൾ തന്റെ ബൈക്ക് വിൽപനയ്ക്ക് വച്ചു. വില 39,000 രൂപയാണ്. എന്നാൽ, ആ പരസ്യത്തിന് കിട്ടിയ വിചിത്രമായ ഒരു പ്രതികരണം കണ്ട് അദ്ദേഹം ആകെ അന്തം വിട്ട് നിൽക്കുകയാണ്. ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസിലാണ് അദ്ദേഹം ബൈക്ക് വിൽപനയ്ക്ക് വച്ചിരിക്കുന്നത്.
മറീനോ ഡിഎച്ച് ബൈക്കാണ് അദ്ദേഹം വിൽപനയ്ക്ക് വച്ചിരിക്കുന്നത്. എന്നാൽ, ഒരാൾ ആ ബൈക്ക് വേണം പകരമായി തന്റെ പട്ടിക്കുട്ടിയെ തരട്ടേ എന്നാണ് ചോദിച്ചിരിക്കുന്നത്. ബൈക്ക് വിൽപനയ്ക്ക് വച്ചയാൾ സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ട് റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തു. ഒരാൾ എന്റെ ബൈക്കിന് പകരമായി അയാളുടെ പട്ടിയെ തരാം എന്ന് പറയുന്നു. എന്താണ് ഞാൻ ചെയ്യുക എന്നാണ് അയാൾ റെഡ്ഡിറ്റിൽ ചോദിച്ചിരിക്കുന്നത്.
പട്ടിയെ തരട്ടെ എന്ന് ചോദിച്ചയാൾ അതൊരു പിറ്റ്ബുൾ ആണ് എന്നും വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ബൈക്ക് വിൽപനയ്ക്ക് വച്ചയാൾ അതിനെ എതിർത്തു. ‘ബൈക്കിന് വേണ്ടി പട്ടിയെ നൽകുകയോ. പട്ടിയെ വല്ല അഡോപ്ഷൻ ക്ലിനിക്കിലും നൽകൂ’ എന്നായിരുന്നു അയാളുടെ മറുപടി.
പുതിയൊരു ബൈക്കിന് വേണ്ടി ഒരാൾ പട്ടിക്കുട്ടിയെ വിൽക്കാൻ ശ്രമിച്ചുവെന്ന് സോഷ്യൽ മീഡിയയിലുള്ളവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ‘ഇത്തരം ആളുകൾ തങ്ങളെ നിരാശരാക്കുന്നു’ എന്ന് പലരും റെഡ്ഡിറ്റിൽ കുറിച്ചു. സമാനമായ അനുഭവത്തെ കുറിച്ചാണ് മറ്റൊരാൾ കമന്റിട്ടത്. ‘കുറച്ച് ദിവസം മുമ്പ് അൽപം കഞ്ചാവിന് വേണ്ടി ഒരാൾ തന്റെ പട്ടിയെ വിൽക്കാൻ ശ്രമിച്ചു’ എന്നാണ് അയാൾ കുറിച്ചത്.
‘അതൊരു തീരെ ചെറിയ പട്ടിക്കുട്ടി അല്ല. അൽപം വളർന്ന നായയാണ്. അവൻ ചിലപ്പോൾ ആ കുടുംബത്തോട് അടുപ്പത്തിലായി കാണും. എന്തൊരു കഷ്ടമാണ്’ എന്ന് മറ്റൊരാൾ കുറിച്ചു.
എന്നാൽ, മറ്റ് ചിലർ ആ പട്ടിയെ വാങ്ങിക്കൂടായിരുന്നോ എന്ന് ബൈക്ക് വിൽപനയ്ക്ക് വച്ചിരിക്കുന്നയാളോട് ചോദിച്ചു. അങ്ങനെ എങ്കിൽ പട്ടിയെ കുറിച്ച് യാതൊരു കരുതലും ഇല്ലാത്ത ഉടമയിൽ നിന്നും അതിനെ രക്ഷിക്കാമായിരുന്നല്ലോ എന്നും അവർ ചോദിച്ചു.