ബിനോയി അതി ക്രൂരനായ കൊലയാളി: വളർത്തുമൃഗങ്ങളെയടക്കം മുക്കിക്കൊല്ലുന്നത് പതിവ്
കൊച്ചി: കൊച്ചിയിൽ ഒന്നരവയസ്സുകാരി നോറയെ ബക്കറ്റിൽ മുക്കിക്കൊന്ന ജോൺ ബിനോയി ഡിക്രൂസ് അതി ക്രൂരനായ കൊലയാളിയെന്ന് പൊലീസ്. വളർത്തുമൃഗങ്ങളെയടക്കം ബക്കറ്റിലെ വെളളത്തിൽ മുക്കിക്കൊല്ലുന്ന ശീലം പ്രതിക്ക് ഉണ്ടായിരുന്നു എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇയാളുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും അന്വേഷണം തുടങ്ങി.
ബിനോയി വീട്ടിൽ സ്ഥിരം ശല്യക്കാരനായിരുന്നു എന്നാണ് വളർത്തമ്മയായ ഇംതിയാസ് പറയുന്നത്. 14 ദിവസം പ്രായമുളളപ്പോൾ ബിനോയിയെ എടുത്തുവളർത്തിയതാണ് ഇവര്‍. പക്ഷേ പിന്നീട് നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്യേണ്ടിവന്ന ക്രൂരകൃത്യങ്ങൾ അവർ ഒന്നൊന്നായി പൊലീസിനോടും പറഞ്ഞിട്ടുണ്ട്. കോഴിയെ ബക്കറ്റിലെ വെളളത്തിൽ മുക്കിക്കൊല്ലുന്ന ശീലമുണ്ടായിരുന്നു. തെരുവ് നായ്ക്കളെയടക്കം കാല് തല്ലിയൊടിച്ചശേഷം ജീവനോടെ കുഴിച്ചുമൂടിയിരുന്നു. ഇത്തരത്തിൽ അതിക്രൂരമായ മാനസിക നിലയുളളയാളായിരുന്നു 28 കാരനായ പ്രതി.
വീട്ടിൽ നിന്ന് മോഷണം പതിവായിരുന്നു. വളർത്തമ്മയെപ്പോലും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പണം സ്വർണവും കവർച്ച നടത്തിയിട്ടുണ്ട്. ലഹരിമരുന്നിനായി പണത്തിനും മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ വിവരങ്ങളെല്ലാം ശേഖരിച്ച് പ്രതിയുടെ കുറ്റവാസന സംബന്ധിച്ച് കോടതിയെ ധരിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. കസ്റ്റഡിയിൽ വാങ്ങിയശേഷം ഇയാളുൾപ്പെട്ട മറ്റ് ഇടപാടുകളെപ്പറ്റിയും പരിശോധിക്കും.