ബാലചന്ദ്രകുമാറിന്റെ കള്ളം പുറത്ത്, ‘കള്ളം പറയണമെന്ന’ ശബ്ദരേഖ പുറത്തായി
കൊച്ചി: സംവിധായകന് ബാലചന്ദ്രനെ പ്രതിരോധത്തിലാക്കി ഓഡിയോ ക്ലിപ്പ് പുറത്ത്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന് ബാലചന്ദ്രകുമാറിനെതിരെ ദിലീപ് ഹൈക്കോടതിയില്‍ ഹാജരാക്കിയ ഓഡിയോ ആണ് പുറത്തായിരിക്കുന്നത്. വാട്സാപ് സന്ദേശമായാണ് ബാലചന്ദ്രകുമാര്‍ ഓഡിയോ അയച്ചതെന്ന് ദിലീപ് കോടതിയില്‍ അറിയിച്ചിട്ടുണ്ട്.ബാലചന്ദ്രകുമാറിന് 18 ലക്ഷം രൂപയുടെ കടമുണ്ട്. രണ്ടു സുഹൃത്തുക്കളില്‍നിന്നായി വാങ്ങിയതാണ് ഈ തുക. ഇതു തിരിച്ചുചോദിച്ച് സുഹൃത്തുക്കള്‍ നിരന്തരം വിളിക്കുന്നുവെന്നും ദിലീപ് വിഡിയോ കോളില്‍ അവരോട് സംസാരിക്കണമെന്നുമാണ് ഓഡിയോയില്‍ പറയുന്നത്. ”ദിലീപ് സംസാരിച്ചാല്‍ തുക മടക്കി നല്കുന്നതിനു അവധി നല്‍കുമെന്നും, സിനിമ നടക്കില്ലെങ്കിലും നാലു മാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് കള്ളം പറയണമെന്നും” ഓഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. സിനിമ നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായ ശേഷമുള്ള ഓഡിയോ ആണ് ഇതെന്നാണ് ദിലീപിന്റെ അഭിഭാഷകൻ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14നാണ് ഓഡിയോ അയച്ചതെന്നാണ് വിവരം.ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച കോടതി വിധി പറയാനിരിക്കെയാണ് അന്വേഷണ സംഘത്തെ പോലും അമ്പരപ്പിച്ച് ഓഡിയോ പുറത്തായിരിക്കുന്നത്. ബാലചന്ദ്രകുമാർ പല ഓഡിയോ രേഖകളും പുറത്ത് വിട്ടിട്ടുണ്ടെങ്കിലും, ദിലീപിന് ഗുണകരമാകുന്ന ഒരു ഓഡിയോ പുറത്താകുന്നത് ഇത് ആദ്യമാണ്. എഫ്.ഐ.ആറിന് പോലും നിലനില്‍പ്പില്ലന്നും ജാമ്യം നല്‍കണമെന്നുമാണ് ദിലീപിന്റെ വാദം.