ഫെയര്‍നെസ് ക്രീം ഉപയോഗിച്ച് സുന്ദരിയായി…. പക്ഷേ…..
കഴിഞ്ഞവര്‍ഷമാണ് യുവതി ഫെയര്‍നെസ് ക്രീം വാങ്ങി ഉപയോഗിച്ചത്. പിന്നാലെ യുവതിയുടെ മുഖത്ത് മാറ്റങ്ങള്‍ ഉണ്ടാവുകയും കൂടുതല്‍ നിറവും ഭംഗിയും വന്നതായി ആളുകള്‍ അഭിപ്രായം പറയുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ അമ്മയും സഹോദരിയും ക്രീം ഉപയോഗിക്കാന്‍ തുടങ്ങി.
എന്നാൽ 20കാരിയ്ക്കും അമ്മയ്ക്കും സഹോദരിയ്ക്കും ഇപ്പോൾ വൃക്ക രോഗം പിടിപെട്ടിരിക്കുകയാണ്. വൃക്ക രോഗമുണ്ടായത് ഫെയര്‍നെസ് ക്രീം ഉപയോഗിച്ചിട്ടെന്ന് ഡോക്ടര്‍മാര്‍. ഒരു ബ്യൂട്ടീഷ്യനില്‍ നിന്ന് വാങ്ങിയ പ്രാദേശികമായി തയ്യാറാക്കിയ ക്രീം ഉപയോഗിച്ച് മാസങ്ങള്‍ക്കുശേഷമാണ് ബയോടെക് വിദ്യാര്‍ത്ഥിനിയ്ക്കും അമ്മയ്ക്കും സഹോദരിയ്ക്കും വൃക്കരോഗം കണ്ടെത്തിയത്. മുംബയിലാണ് സംഭവം.
നാലുമാസങ്ങള്‍ക്ക് ശേഷമാണ് വൃക്കയിലെ ചെറിയ ഫില്‍റ്ററുകള്‍ തകരാറിലാകുന്ന അവസ്ഥയായ ഗ്ലോമെറുലോനെഫ്രൈറ്റിസ് ഇവരില്‍ കണ്ടെത്തുന്നത്. പരേലിലെ കെ ഇ എം ആശുപത്രിയിലെ നെഫ്രോളജി വിഭാഗം തലവന്‍ ഡോ തുക്കാറാം ജമാലെ, വിദ്യാര്‍ത്ഥിയായ ഡോ അമാര്‍ സുല്‍ത്താന്‍ എന്നിവരാണ് വൃക്ക രോഗത്തിന് കാരണമായത് യുവതി ഉപയോഗിച്ച ക്രീം ആണെന്ന് കണ്ടെത്തിയത്. കെ ഇ എം ആയുര്‍വേദ ലാബില്‍ നടത്തിയ പരിശോധനയില്‍ ക്രീമില്‍ മെര്‍ക്കുറിയുടെ അളവ് വളരെയധികം കൂടുതലാണെന്ന് തെളിഞ്ഞു. ഒരു പിപിഎം ആണ് മെര്‍ക്കുറിയുടെ അനുവദനീയമായ അളവെന്നിരിക്കെ 1000 പിപിഎം മെര്‍ക്കുറിയാണ് ക്രീമില്‍ ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥിയുടെ രക്തത്തില്‍ മെര്‍ക്കുറിയുടെ അളവ് 46 ആയിരുന്നു. മനുഷ്യശരീരത്തില്‍ ഉണ്ടാകേണ്ട മെര്‍ക്കുറിയുടെ സാധാരണ അളവ് ഏഴില്‍ താഴെയാണ്. ക്രീമിലടങ്ങിയിരുന്ന മെര്‍ക്കുറിയാണ് നിറം വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് ഡോക്ടമാര്‍ പറയുന്നു. അമ്മയും സഹോദരിയും രോഗത്തില്‍ നിന്ന് മുക്തി നേടിയെങ്കിലും വിദ്യാര്‍ത്ഥിനി ചികിത്സയില്‍ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.