ഫുൾടൈം പ്രാർത്ഥിച്ചുകൊണ്ടിരിക്കും ദേഷ്യപ്പെടല്ലേന്ന്.. അടികൊണ്ടിട്ടുള്ളത് കൊണ്ട് എനിക്ക് പേടിയാ… ഇനി അടിക്കുവോ, കിടന്ന് ബഹളം വയ്ക്കുമോ….

വിസ്മയ കേസിൽ ഭർതൃപീഡനം നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന വിസ്മയയുടെ കൂടുതൽ ശബ്ദരേഖകൾ പുറത്ത്. കിരൺ സ്ത്രീധനം പോരെന്ന് പറഞ്ഞ് അധിക്ഷേപിക്കാറുണ്ടെന്നും തനിക്ക് പേടിയാണെന്നും വിസ്മയ സുഹൃത്തിനോട് പറയുന്ന ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

വിസ്മയ : എന്റൊരു കാര്യത്തിൽ ഞാൻ ഫുൾടൈം പ്രാർത്ഥിച്ചുകൊണ്ടിരിക്കും. ദൈവമേ സമാധാനം കിട്ടണേ, സമാധാനം കിട്ടണേന്ന്. ദേഷ്യപ്പെടല്ലേന്ന്. എന്റെ അമ്മ സത്യം. ഒന്ന് മുഖം മാറിയാൽ എനിക്ക് ടെൻഷനാ. കാരണം എനിക്ക് പേടിയാ.

സുഹൃത്ത് : എന്തിനാ ഇങ്ങനെ പേടിക്കുന്നേ ?

വിസ്മയ : അടികൊണ്ടിട്ടുള്ളത് കൊണ്ട് എനിക്ക് പേടിയാ. ഇനി അടിക്കുവോ, കിടന്ന് ബഹളം വയ്ക്കുമോ എന്നൊക്കെ പേടിയാ.

സുഹൃത്ത് : സ്ത്രീധനം മതിയായില്ലേ ? നിങ്ങൾ എത്ര കൊടുത്തു ? 70 ഓ ?

വിസ്മയ : കൊറോണ ആയതുകൊണ്ട് 100 കൊടുത്തില്ല, 70 പവനേ കൊടുത്തുള്ളു. പത്ത്-പതിമൂന്ന് ലക്ഷം രൂപയുടെ കാറും കൊടുത്ത്. ടൊയോട്ട യാരിസ്. ഇതൊന്നും പോര. ഒരു ഗവൺമെന്റ് ജോലിക്കാരന് ഇതൊന്നുമല്ല കിട്ടേണ്ടത് എന്നാ പറയുന്നേ.

സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല എന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം പ്രതി കിരൺ കുമാറിന്റെ ശബ്ദസന്ദേശം പുറത്ത് വന്നിരുന്നു. ഈ ശബ്ദരേഖയെ കുറിച്ചും അഭിഭാഷകൻ പ്രതികരിച്ചിരുന്നു.

‘ആ ശബ്ദരേഖയിൽ എന്താണ് തെറ്റ് ? പിതാവ് സമ്മാനമായി കാർ കൊടുക്കാമെന്ന് പറഞ്ഞു. അയാൾ പറഞ്ഞു ഇപ്പോൾ കാർ വേണ്ട. അച്ഛന്റെ ഒരു ആഗ്രഹമാണ്, ഒരു കാർ എടുത്ത് തരാൻ തീരുമാനിച്ചിരിക്കുകയാണെന്ന് സഹോദരൻ വിജിത്ത് പറയുന്നു. കുറേ കാറുകളുടെ ചോയ്‌സസും കൊടുക്കുന്നു. അപ്പോൾ കിരൺ ചോദിച്ചത് എന്തിനാണ് ഇപ്പോൾ നിങ്ങൾ തിരക്കിട്ട് കാർ വാങ്ങുന്നത് എന്നായിരുന്നു. അപ്പോൾ അച്ഛന്റെ ഒരു വൈകാരിക പ്രശ്‌നമാണെന്ന് പറഞ്ഞു. കിരൺ ഒരു ഓട്ടോ മൊബൈൽ എഞ്ചിനിയറായതുകൊണ്ട് എഞ്ചിൻ എഫിഷ്യൻസിയും ഫ്യുവൽ എഫിഷ്യൻസിയുമെല്ലാം പരിഗണിച്ച് ഒരു കാർ പറഞ്ഞു. അത് കഴിഞ്ഞ് ഒട്ടും എഫിഷ്യന്റ് അല്ലാത്ത ഒരു കാർ കൊണ്ടുവന്നു. ആ കാർ എഫിഷ്യന്റ് അല്ലാ എന്ന് പറയുന്നതിലും അയാളുടെ ഫ്രസ്‌ട്രേഷൻ കാണിക്കുന്നതിലും എന്താ തെറ്റ് ? ഫ്രസ്‌ട്രേഷൻ ഡിമാൻഡ് അല്ല, അതൊരാളുടെ പ്രതികരണമാണ്. എനിക്ക് സ്ത്രീധനം വേണമെന്ന് കിരൺ പറയുന്നതായോ, കാർ വേണമെന്ന് കിരൺ ആവശ്യപ്പെടുന്നതോ പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകളിൽ ഇല്ല’- അഭിഭാഷകൻ പറയുന്നു. എന്നാൽ പ്രോസിക്യൂഷന്റെ വാദം തെളിയിക്കുന്ന കോടതിയിൽ ഹാജരാക്കിയ വിസ്മയയുടെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

Related Articles

Back to top button