പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രേമം ഒഴിപ്പിക്കാൻ കൊണ്ടുവന്ന ജോത്സ്യൻ പീഡിപ്പിച്ചു
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ജോത്സ്യനെ കൊല്ലം പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ പൂതക്കുളം അംബികാ മേക്കപ്പ് ജംഗ്ഷന് സമീപം തിരുവോണം വീട്ടിൽ താമസിക്കുന്ന വിജയകുമാറാണ് (53) പോക്സോ ആക്ട് പ്രകാരം
പിടിയിലായത്. 25 വയസുള്ള യുവാവുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. വീട്ടുകാർക്ക് ഇഷ്ടമില്ലാതിരുന്ന ഈ സ്നേഹ ബന്ധം ഒഴിവാക്കാൻ പെൺകുട്ടിയുടെ മാതാവ് കുട്ടിയുമായി അംബികാ ജംഗ്ഷന് സമീപമുള്ള ജോത്സ്യന്റെ വീട്ടിലെത്തി. ജോത്സ്യൻ പെൺകുട്ടിക്ക് ചരട് ജപിച്ച് കെട്ടിയശേഷം പെൺകുട്ടിയുടെ വലതുകൈയിൽ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റുണ്ടായത്. ചാത്തന്നൂർ അസി. പൊലീസ് കമ്മിഷണർ ഗോപകുമാറിന്റെ നിർദ്ദേശാനുസരണം പരവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. നിസാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.