പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ആൺവേഷധാരിയായ യുവതി പിടിയിൽ
മാവേലിക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ആൺവേഷധാരിയായ യുവതി അറസ്റ്റിൽ. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ (27) ആണ് അറസ്റ്റിലായത്. മാവേലിക്കര സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോയ കേസിലാണ് പ്രതിയെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.
ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതിയെ തൃശൂരിൽ നിന്നാണു പിടികൂടിയത്. അറസ്റ്റിലായ സന്ധ്യ 2016ൽ 14 വയസുള്ള പെൺകുട്ടികളെ ഉപദ്രവിച്ചതിന് കാട്ടാക്കട സ്റ്റേഷനിൽ 2 പോക്സോ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഡോ.ആർ.ജോസ്, കുറത്തികാട് സി.ഐ എസ്.നിസാം, എസ്.ഐ ബൈജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ നൗഷാദ്, സിവിൽ പൊലീസ് ഓഫിസർമാരായ ഉണ്ണികൃഷ്ണൻ, അരുൺ ഭാസ്കർ, ഷെഫീഖ്, വനിത സിവിൽ പൊലീസ് ഓഫിസർമാരായ സ്വർണരേഖ, രമ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.