പൊലീസുകാരൻ അണലിയുമായി ബൈക്കിൽ വീട്ടിലെത്തി…

പൊലീസ് സ്റ്റേഷനിൽ നിന്ന്ഉഗ്രവിഷമുള്ള അണലിയുമായി ബൈക്കിൽ സഞ്ചരിച്ച പൊലീസുകാരൻ പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടു. മാവൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ഓമശ്ശേരി കുളത്തും മീത്തൽ കെ എം ഷിനോജാണ് ബൈക്കിൽ പാമ്പ് കയറിയതറിയാതെ സഞ്ചരിച്ചത്.തിങ്കളാഴ്‌ച്ച രാവിലെ വീട്ടിൽ നിന്നും മാവൂർ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തിയപ്പോൾ ബൈക്ക് സ്റ്റേഷന്റെ പരിസരത്ത് നിർത്തിയിട്ടിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് രാത്രിയിൽ ബൈക്കിൽ മാവൂരിൽ നിന്നും പതിനഞ്ച് കിലോമീറ്റർ അകലെയുള്ള ഓമശ്ശേരിയിലെ വീട്ടിലേക്ക് പോയി. വീട്ടിലെത്തി കുളി കഴിഞ്ഞ് വന്ന് പുറത്ത് പോകാൻ വണ്ടിക്കടുത്തെത്തിയപ്പോഴാണ് ബൈക്കിന്റെ വൈസറിനകത്തു നിന്നും പാമ്പ് പുറത്ത് കടക്കുന്ന കാഴ്‌ച്ച ശ്രദ്ധയിൽപെട്ടത്.പാമ്പിനെ പുറത്താക്കാൻ എല്ലാ ശ്രമവും ഷിനോജ് നടത്തിയെങ്കിലും പാമ്പ് ബൈക്കിനുള്ളിൽ തന്നെയൊളിച്ചു. തുടർന്ന് വിവരമറിഞ്ഞ് ഓമശ്ശേരിയിൽ തന്നെയുള്ള പാമ്പുപിടുത്തകാരൻ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ബൈക്കിനകത്തു നിന്നും അണലിയെ പിടികൂടുകയും ചെയ്തു.

Related Articles

Back to top button