പൊന്നോമനകൾക്ക് അമ്മിഞ്ഞപ്പാലിന്റെ മധുരം പകരാൻ അവൾ വരില്ല
പൊന്നോമനകൾക്ക് അമ്മിഞ്ഞപ്പാലിന്റെ മധുരം പകരാനും ഇരട്ടക്കുട്ടികളെ താലോലിക്കാന്നും ആശുപത്രിയില്‍ നിന്ന് കൃഷ്ണപ്രിയ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു കണ്‍മണികളെ കാണാതെ കൃഷ്ണപ്രിയ യാത്രയായി.
തമ്പലക്കാട് പാറയില്‍ ഷാജി-അനിത ദമ്പതിമാരുടെ മൂത്ത മകള്‍ കൃഷ്ണപ്രിയ (24) ആണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം അബോധാവസ്ഥയിലായ യുവതി എറണാകുളത്ത് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് ശസ്ത്രക്രിയകള്‍ നടത്തി. വെന്റിലേറ്ററിലായി. ഇതിനിടെ, ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ നാട്ടുകാര്‍ ചേര്‍ന്ന് ധനസമാഹരണവും നടത്തി. കഴിഞ്ഞ ദിവസം കണ്ണുതുറക്കുകയും കൈ അനക്കുകയും ചെയ്തതോടെ ആരോഗ്യവതിയായി തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ.
ഒരു വര്‍ഷം മുന്‍പായിരുന്നു മൂവാറ്റുപുഴ അയവന പാലനില്‍ക്കുംപറമ്പില്‍ പ്രവീണുമായി കൃഷ്ണപ്രിയയുടെ വിവാഹം. മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയില്‍ ജനുവരി 29ന് സിസേറിയനിലൂടെ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. പിറ്റേന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു, അബോധവാസ്ഥയിലായി. തുടര്‍ന്നാണ് എറണാകുളത്ത് എത്തിച്ചത്. ഗര്‍ഭപാത്രം എടുത്തുമാറ്റുന്നതുള്‍പ്പെടെയുള്ള ശസ്ത്രക്രിയകളാണ് നടത്തിയത്. വയറ്റില്‍ അണുബാധയുണ്ടായതിനെത്തുടര്‍ന്ന് രക്തസമ്മര്‍ദം കുറഞ്ഞ് സെപ്റ്റിക് ഷോക്ക് ഉണ്ടായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു.
ഇരട്ടക്കുട്ടികള്‍ മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയിലാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തമ്പലക്കാട്ടെ വീട്ടില്‍ കൃഷ്ണപ്രിയയുടെ മൃതദേഹമെത്തിക്കും. മൂന്നിന് വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തും.