പൂച്ച വീട്ടിൽ കടിച്ചു കൊണ്ടുവന്ന വസ്തു കണ്ട് ഞെട്ടി…
ഒരുമാതിരിപ്പെട്ട എല്ലാവരുടെയും വീടുകളിൽ ഓമനിച്ചു വളർത്തുന്ന പൊന്നോമനകളായ മൃഗങ്ങൾ ഉണ്ടായിരിക്കും. ഈ കൂട്ടത്തിൽ പൂച്ചയ്ക്കും നായക്കും തന്നെയാണ് വീടുകളിൽ കൂടുതൽ പരിഗണന. പലപ്പോഴും ഇവ പുറത്തുനിന്നും പല സാധനങ്ങളും വീട്ടിലേക്ക് കൊണ്ടുവരാറുമുണ്ട്. എന്നാൽ കഴിഞ്ഞദിവസം ഒരു പൂച്ച തൻറെ വീട്ടിലേക്ക് കടിച്ചു വലിച്ചുകൊണ്ടുവന്ന സാധനം കണ്ട് വീട്ടുടമസ്ഥൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. കാരണം പൂച്ച കടിച്ചു കൊണ്ടുവന്നത് ഒരു ചീങ്കണ്ണിയുടെ തലയാണ്.
അമേരിക്കയിലെ വിസ്കോൺസിനിൽ ആണ് സംഭവം. വീസ്ഹ്യൂഗൽ എന്നയാളുടെ പൂച്ചയാണ് ഇത്തരത്തിൽ ചീങ്കണ്ണിത്തല വീട്ടിൽ വലിച്ചുകൊണ്ടു വന്നത്. ബേൺഡ് ടോസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന തൻറെ പ്രിയപ്പെട്ട പൂച്ചക്കുട്ടി ഏറെ പ്രയാസപ്പെട്ട് എന്തോ കടിച്ചു വലിച്ചു കൊണ്ടുവരുന്നത് കണ്ടാണ് വീസ്ഹ്യൂഗൽ ശ്രദ്ധിച്ചത്. ആദ്യം അതൊരു മത്സ്യമായിരിക്കുമെന്നാണ് താൻ കരുതിയതെങ്കിലും അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് ചീങ്കണ്ണിയുടെ തലയാണെന്ന് തനിക്ക് മനസ്സിലായത് എന്നാണ് ഇവർ പറയുന്നത്.