പുലർച്ചെ വീട്ടമ്മയ്ക്ക് നേരെ നടുറോഡിൽ ലൈംഗിക അതിക്രമം
പുലർച്ചെ 5 മണിയോടെ വീട്ടമ്മയ്ക്ക് നേരെ നടുറോഡിൽ ലൈംഗിക അതിക്രമം നടത്തിയ പ്രതി പോലീസ് പിടിയിൽ. പുലർച്ചെ 5 മണിയോടെ വീട്ടിൽ നിന്നും പള്ളിയിലേക്ക് ഒറ്റയ്ക്ക് നടന്നു പോകുംവഴി ആയിരുന്നു അതിക്രമം നടന്നത്. വിജനമായ വഴിയിലൂടെ ഹെൽമറ്റ് ധരിച്ച് ബൈക്കിൽ എതിരെ വന്ന യുവാവ് വീട്ടമ്മയെ കണ്ട് ബൈക്ക് നിർത്തി വീട്ടമ്മയുടെ ശരീരത്തിൽ കയറി പിടിക്കുകയും ലൈംഗിക അതിക്രമത്തിന് മുതിരുകയും ചെയ്തു. വീട്ടമ്മ ഒഴിഞ്ഞു മാറുകയും ഒച്ച വയ്ക്കുകയും ചെയ്തതോടെ പ്രതി ബൈക്കിൽ രക്ഷപെടുകയായിരുന്നു. വീട്ടമ്മ ഭർത്താവുമൊന്നിച്ച് വഴിക്കടവ് പോലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെടുകയായിരുന്നു.
സംഭവസമയം ഇരുട്ടും സ്ഥലത്ത് വിജനതയും ആയതുകൊണ്ട് പ്രതിയെ കണ്ടുപിടിക്കാൻ പോലീസ് വളരെ പ്രയാസപ്പെട്ടു. കേരള രജിസ്ട്രേഷൻ അല്ല ബൈക്കിൽ എന്ന് വീട്ടമ്മ സംശയം പ്രകടിപ്പിച്ചത് ആണ് കേസ് അന്വേഷണത്തിൽ നിർണായകമായത്. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെയുടെ നിർദ്ദേശപ്രകാരം നിലമ്പൂർ ഡി.വൈ.എസ്.പി സാജു കെ എബ്രഹാമിൻറെ നേതൃത്വത്തിൽ വഴിക്കടവ് ഇൻസ്പെക്ടർ അബ്ദുൽ ബഷീറും പ്രത്യേക അന്വേഷണ സംഘവും വീട്ടമ്മയിൽ നിന്നും കൂടുതൽ തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചും ബൈക്കുകൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കി.
നിലമ്പൂർ വഴിക്കടവ് വരക്കുളത്താണ് സംഭവം. അന്വേഷണത്തിൽ പ്രതി വരക്കുളത്തുള്ള കീഴ്പുള്ളി വിനീഷ് എന്ന കുട്ടാപ്പി ( 26) ആണെന്ന് തിരിച്ചറിഞ്ഞു. വിനീഷ് വീട്ടമ്മയെ മുമ്പ് പരിചയം ഉള്ള ആളും പ്രദേശത്തുകാരനുമാണ്. വിനീഷിൻ്റെ ബൈക്ക് രജിസ്ട്രേഷൻ രാജസ്ഥാൻ ആണ്. വീട്ടമ്മയും വിനീഷിനെ സംശയിച്ചിരുന്നു.