പറന്ന് നടന്ന് മോഷണം നടത്തിയ പക്കി സുബൈറിന് ക്ലിപ്പിട്ട് മാവേലിക്കര പൊലീസ്
മാവേലിക്കര : ജില്ലയിലെ നൂറനാട്, വള്ളികുന്നം, മാവേലിക്കര, കായംകുളം, കരീലകുളങ്ങര, ഹരിപ്പാട്, അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ വീടുകൾ കുത്തിത്തുറന്നും ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങൾ തകർത്തും മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവായ ശൂരനാട് വടക്ക് കരിങ്ങേരി തെക്കും മുറി കുഴിവിള വടക്കേതിൽ വീട്ടിൽ സുബൈർ എന്ന് വിളിക്കുന്ന പക്കി സുബൈർ (49) മാവേലിക്കര പൊലീസിന്റെ പിടിയിലായി. ജില്ലയിൽ മോഷണങ്ങൾ പതിവായതിനെ തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി.ജയദേവിന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഡോ.ആർ.ജോസിന്റെ മേൽനോട്ടത്തിൽ മാവേലിക്കര സി.ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.പക്കി സുബൈർ നടത്തുന്ന മോഷ്ണ മുതലുകൾ വിൽക്കാൻ സഹായിച്ചിരുന്ന ശൂരനാട് വലിയവിള വടക്കതിൽ കെ.ഷിറാജ് (41), പറക്കോട് റഫീഖ് മൻസിലിൽ മാലക് റഫീഖ് (39) എന്നിവരേയും പിടികൂടിയിട്ടുണ്ട്. മോഷണങ്ങൾ നടന്ന സ്ഥലങ്ങളിൽ നിന്നും ലഭിച്ച സി.സി.റ്റി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് മോഷ്ടാവ് പക്കി സുബൈർ ആണെന്ന് തിരിച്ചറിഞ്ഞത്. ശൂരനാട് സ്വദേശിയായ സുബൈർ 14ാം വയസിൽ കായംകുളത്ത് സൈക്കിൾ മോഷണം നടത്തിയതിനും മാടക്കട കുത്തിത്തുറന്ന് മോഷണം നടത്തിയതിനുമാണ് ആദ്യമായി ജയിലിലാകുന്നത്. ജയിൽ മോചിതനായ ഇയാൾ 1995 നു ശേഷം ശൂരനാട് കരുനാഗപ്പള്ളി ശാസ്താംകോട്ട തുടങ്ങിയ കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തുടർച്ചയായി മോഷണം നടത്തി. തുടർന്ന് ശൂരനാട്ട് നാട്ടുകാർ സംഘം ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.വിവിധ കേസുകളിൽ ദീർഘകാലം ശിക്ഷയനുഭവിച്ച ശേഷം പുറത്തിറങ്ങി വീണ്ടും 2004 കാലഘട്ടത്തിൽ ആലപ്പുഴ, എറണാകുളം, കൊല്ലം ജില്ലകളിൽ പരക്കെ മോഷണം നടത്തി. ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികൾ മോഷണം പതിവായി നടത്തി വന്ന ഇയാൾ നിരവധി ഭവനഭേദനങ്ങളും നടത്തിയിട്ടുള്ളത്. ഇയാൾ 12 വർഷം മുമ്പ് മുമ്പ് വയനാട് ജില്ലയിലെ വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലെ തരുവണ എന്ന സ്ഥലത്തുള്ള കരിങ്ങാരിയിൽ നിന്നും നസീമ എന്ന സ്ത്രീയെ വിവാഹം കഴിച്ചു താമസിക്കുകയായിരുന്നു. 2018ൽ ശൂരനാട് പൊലീസ് മോഷണം കേസിൽ അറസ്റ്റ് ചെയ്തു ജയിലിൽ ആവുകയും 2020 ജനുവരിയിൽ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും ജയിലിൽ മോചിതനായ ശേഷം വെള്ളമുണ്ടയിൽ ഭാര്യയും മക്കളുമൊത്ത് താമസിച്ചു വരികയായിരുന്നു. ഇറച്ചികടയിൽ ജോലിക്ക് പോയും തൊഴിലുറപ്പ് പണികൾക്കും പോയും കഴിഞ്ഞുവന്ന ഇയാൾ വെള്ളമുണ്ട പഞ്ചായത്തിലെ എ.ഡി.എസ് ആയി ജോലിചെയ്യുന്ന സ്ത്രീ തന്നെ പീഡിപ്പിച്ചു എന്ന് വെള്ളമുണ്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് സുബൈർ കരിങ്ങാരിയിൽ നിന്നും മുങ്ങി. അതിന് ശേഷം ശൂരനാട് വന്നു ബന്ധു വീടുകളിൽ അഭയം തേടുകയായിരുന്നു.എഴുതാനും വായിക്കാനും അറിയാത്ത ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല, സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ കറങ്ങി നടക്കുന്ന സ്വഭാവക്കാരനായ ഇയാളെ കണ്ടെത്തുന്നത് ശ്രമകരമായ വെല്ലുവിളിയായി. സംസ്ഥാനത്ത് മിക്കവാറും എല്ലാ ജയിലുകളിലും കഴിഞ്ഞിട്ടുള്ള ഇയാൾ ശൂരനാട്ടെത്തി മോഷണ പരമ്പര തന്നെ നടത്തി. ശൂരനാട് ഭാഗത്ത് നാട്ടുകാർ ജാഗരൂകരായി രാത്രി സംഘടിച്ച് ഇറങ്ങാൻ തുടങ്ങിയതോടെ ആലപ്പുഴ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലേക്ക് കടന്നു. വള്ളിക്കുന്നം, നൂറനാട്, കായംകുളം, മാവേലിക്കര, കരീലകുളങ്ങര, ഹരിപ്പാട്, അമ്പലപ്പുഴ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലായി നൂറോളം മോഷണങ്ങൾ ഇയാൾ നടത്തി.പകൽ ബസിലും ട്രെയിനിലും സഞ്ചരിച്ച് വിദൂര സ്ഥലങ്ങളിൽ യാത്ര നടത്തുകയും രാത്രി എത്തുന്നിടത്ത് മോഷണം നടത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. റെയിൽവേ ട്രാക്കുകളിൽ കൂടി കിലോമീറ്ററുകൾ നടന്ന് ട്രാക്കിന് സമീപമുള്ള വീടുകൾ, അമ്പലങ്ങൾ, പള്ളികൾ എല്ലാം മോഷ്ണം നടത്തുന്നതും പതിവാണ്.സി.സി.റ്റി.വി ദൃശ്യങ്ങളിൽ പതിയുന്ന പക്കിയുടെ രൂപങ്ങൾ ഭീതിജനകമാണ്. കൈയ്യിൽ ആയുധവുമേന്തി അടിവസ്ത്രം മാത്രം ധരിച്ച് എന്തിനും പോന്ന രീതിയിലാണ് നടപ്പ്. ആളുകൾ ഉള്ള വീട്ടിലും മോഷ്ടിക്കാൻ കയറുന്ന ഇയാൾ എതിർത്താൽ ആക്രമിക്കുന്നയാളുമാണ്. മോഷണം നടത്താൻ കണ്ടു വെക്കുന്ന വീടുകളുടെയോ, ആരാധനാലയങ്ങളുടെയോ സമീപം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്നോ, പശു തൊഴുത്തിൽ നിന്നോ ആണ് മോഷണത്തിനുള്ള കമ്പിയും മറ്റും എടുക്കുന്നത്. എത്തുന്ന സ്ഥലത്തെ വീടുകളിൽ നിന്നും മുണ്ടും ഷർട്ടും എടുത്ത് ധരിക്കും, ഉടുത്ത വസ്ത്രങ്ങൾ അവിടെ ഉപേക്ഷിക്കും. മാവേലിക്കരയിലെ ഒരു വീട്ടിൽ കയറി വസ്ത്രം മാറുക മാത്രമല്ല അടുക്കളയിൽ കയറി കുശാലായി ഭക്ഷണവും കഴിച്ച് മോഷണം നടത്തിയാണ് മടങ്ങിയത്. ഇയാൾ എവിടെ നിന്നും വരുന്നു എന്നോ എവിടെയാണ് തങ്ങുന്നത് എന്നോ നിശ്ചയമില്ലാതെ പോലീസ് അന്വേഷണം വഴിമുട്ടിയ അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഹരിപ്പാട്ടും അമ്പലപ്പുഴയിലും പോലീസ് പൊതു സ്ഥലങ്ങളിൽ ഇയാളുടെ ഫോട്ടോ വച്ച ലുക്ക് ഔട്ട് നോട്ടീസുകൾ പതിച്ചിരുന്നു.മാവേലിക്കരയിൽ പോലീസ് ഉദ്യോഗസ്ഥർ പല സംഘങ്ങളായി ദിവസങ്ങളോളം രാത്രിയിൽ തിരച്ചിൽ നടത്തിയിട്ടും പക്കി കുടുങ്ങിയില്ല.സ്ഥിരമായി കഞ്ചാവ് വലിക്കുന്നയാളാണെന്നും മോഷ്ടിച്ചു കിട്ടുന്ന പണംകൊണ്ട് ലോട്ടറി ധാരാളം എടുക്കുമെന്ന് വിവരം കിട്ടുകയും ചെയ്തു. മോഷണം നടക്കാത്ത സ്ഥലങ്ങൾ കേന്ദ്രികരിച്ചു ലോട്ടറി കടകളിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ സ്ഥിരമായി ലോട്ടറി എടുക്കാൻ വരാറുണ്ട് എന്ന് വിവരം കിട്ടിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ശൂരനാട്, നൂറനാട്, വള്ളികുന്നം, മാവേലിക്കര, കായംകുളം, കരീലകുളങ്ങര, ഹരിപ്പാട്, അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ വീടുകൾ കുത്തിത്തുറന്നും, ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങൾ തകർത്തും മോഷണം നടത്തിയത് ഇയാളാണെന്ന് സമ്മതിച്ചിട്ടുണ്ട്. എഫ്.ഐ.ആർ ഉള്ള 18 കേസുകളിലും മറ്റ് 23 കേസുകളിലും ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.ഇയാൾ മോഷ്ടിച്ചു കിട്ടുന്ന പണം കഞ്ചാവ് വാങ്ങിയും ലോട്ടറി ടിക്കറ്റ് എടുത്തും ധൂർത്തടിച്ചും ചിലവാക്കുകയായിരുന്നു. മാവേലിക്കര പൊലീസ് ഇൻസ്പെക്ടർ സി.ശ്രീജിത്ത്.എസ്, എസ്.ഐ മൊഹ്സീൻ മുഹമ്മദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സിനു വർഗ്ഗീസ്, രാജേഷ് കുമാർ, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്, സി.പി.ഒ മാരായ അരുൺ ഭാസ്ക്കർ, ഗിരീഷ് ലാൽ വി.വി, ജവഹർ.എസ്, റിയാസ് എന്നിവർ ചേർന്ന് അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.