നിറയെ വിദ്യാർത്ഥികളുമായി സ്കൂൾ ബസ് ഇറക്കത്തിൽ ഡ്രൈവർ ഇല്ലാതെ തനിയെ മുന്നോട്ട് നീങ്ങി, അഞ്ചാം ക്ലാസുകാരൻ രക്ഷകനായി
സ്കൂൾ ബസ് ഇറക്കത്തിൽ ഡ്രൈവർ ഇല്ലാതെ തനിയെ മുന്നോട്ട് നീങ്ങി. ബസിൽ നിറയെ വിദ്യാർത്ഥികളുണ്ടായിരുന്നു. അഞ്ചാം ക്ലാസുകാരന്റെ ധീരതയിൽ വൻ ദുരന്തം ഒഴിവായി. ശ്രീമൂലനഗരം അകവൂർ ഹൈസ്കൂളിലെ സ്കൂൾ ബസാണ് ഇറക്കത്തിൽ ഡ്രൈവർ ഇല്ലാതെ തനിയെ മുന്നോട്ട് നീങ്ങിയത്. അഞ്ചാം ക്ലാസുകാരൻ ഡ്രൈവറുടെ സീറ്റിൽ ചാടിക്കയറി ബ്രേക്ക് ചവിട്ടി ബസ് നിർത്തുകയായിരുന്നു.സ്കൂളിന്റെ മുന്നിലുള്ള റോഡിലാണു സംഭവം. വൈകിട്ട് ക്ലാസ് കഴിഞ്ഞപ്പോൾ വീട്ടിൽ പോകുന്നതിനു വിദ്യാർത്ഥികൾ ബസിൽ കയറി ഇരിക്കുകയായിരുന്നു. ഡ്രൈവർ ബസിലുണ്ടായിരുന്നില്ല. ഈ സമയത്താണു ഗിയർ തനിയെ തെന്നി മാറി ബസ് പതുക്കെ മുന്നോട്ടു നീങ്ങിയത്. നേരെ മുൻപിൽ ഇറക്കമാണ്. ബസിലുണ്ടായിരുന്ന വിദ്യാർത്ഥികൾ പരിഭ്രാന്തരായി കരയാൻ തുടങ്ങി. എന്നാൽ അഞ്ചാം ക്ലാസുകാരന്റെ സമയോചിതമായ ഇടപെട്ട് ബസ് നിർത്തി. ശ്രീമൂലനഗരം അകവൂർ ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ആദിത്യൻ രാജേഷ് ആണ് രക്ഷകനായത്. ശ്രീഭൂതപുരം വാരിശേരി രാജേഷ്-മീര ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആദിത്യൻ. ആദിത്യന്റെ അമ്മാവൻ ടോറസ് ലോറി ഡ്രൈവറാണ്. ഇടയ്ക്ക് അമ്മാവന്റെ കൂടെ ആദിത്യൻ ലോറിയിൽ പോകാറുണ്ട്. ഡ്രൈവിങ് സംവിധാനത്തെക്കുറിച്ചുള്ള ആദിത്യന്റെ അറിവ് ആണ് വൻ അപകടം ഒഴിവാകാൻ കാരണമായത്.