നാലംഗ കുടുംബത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മട്ടൻ വാങ്ങി നൽകാത്തതിലെ പക കൊലപാതകത്തിൽ കലാശിച്ചു
ഇടുക്കി ചീനക്കുഴിയിൽ വീടിന് തീപിടിച്ച് മരിച്ച നാലംഗ കുടുംബത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഫൈസലും ഭാര്യയും മക്കളും മരിച്ചത് പൊള്ളലേറ്റത് മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നാല് പേരുടെയും ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മകനും ഭാര്യയും പേരക്കുട്ടികളും അടങ്ങുന്ന കുടുംബത്തെ കൊലപ്പെടുത്തിയതിന് പിന്നിൽ മട്ടൻ വാങ്ങാൻ നൽകാത്തതിലെ പ്രതികാരമാണെന്നാണ് പ്രതി ഹമീദ് പൊലീസിന് നൽകിയ മൊഴി. മകനോട് ഇന്നലെ മട്ടൻ വാങ്ങി നൽകാൻ ഹമീദ് ആവശ്യപ്പെട്ടെങ്കിലും മകൻ അതിന് തയാറായിരുന്നില്ല. ജയിലിൽ മട്ടൻ ലഭിക്കുമെന്നതിനാലാണ് കൊലപാതകം നടത്തിയതെന്നും ഹമീദ് പൊലീസിനോട് പറഞ്ഞു. ഇന്ന് ഹമീദിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പിനെത്തിച്ച സമയത്ത് ഹമീദിനു നേരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടാവുകയും ചെയ്തു. പ്രതി ഹമീദ് കുറ്റം സമ്മതിച്ചതായി എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത പറഞ്ഞു.