നടി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: വീട്ടിൽ നിന്ന് കണ്ടെത്തിയത് കഞ്ചാവ്.. എംഡിഎംഎ… എൽഎസ്ഡി സ്റ്റാമ്പ്….
കോഴിക്കോട് ചേവായൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നടിയും മോഡലുമായ ഷഹനയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ മയക്ക് മരുന്ന് കണ്ടെത്തി. കഞ്ചാവ്, എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയാണ് കണ്ടെത്തിയത്. ഷഹനയുടെ ശരീരത്തിൽ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാൻ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
സംഭവത്തിൽ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഷഹനയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു. പിറന്നാളിന് സന്തോഷത്തോടെ വീട്ടിലേക്ക് ക്ഷണിച്ച മകൾ ആത്മഹത്യ ചെയ്യില്ലെന്നും അവളെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്നും ഷഹനയുടെ മാതാവ് പറഞ്ഞിരുന്നു. ഇതിനിടെ സജാദിന്റെ സുഹൃത്തുക്കളിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന.
വ്യാഴാഴ്ച രാത്രിയാണ് നടിയും മോഡലുമായ കാസർകോട് സ്വദേശി ഷഹനയെ കോഴിക്കോട്ടെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനലഴിയിലെ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. അസ്വാഭാവിക മരണമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആർഡിഒയുടെ സാന്നിധ്യത്തിലാണ് ഷഹനയുടെ പോസ്റ്റ്മോർട്ടം നടത്തുക. മൃതദേഹം രാസപരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.