ദിവസവും മീനും ഇറച്ചിയും വേണം, ജയിലിലാണെങ്കിൽ രണ്ടു ദിവസം മട്ടൺ കിട്ടും : കൊലപാതകത്തിന്റെ ചുരുളഴിയുന്നു
മകനെയും കുടുംബത്തെയും വീടിന് തീയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതി ഹമീദുമായി പോലീസ് തെളിവെടുപ്പ് നടത്തി. മകനുമായുള്ള സ്വത്ത് തർക്കമാണ് കൂട്ടക്കൊലയ്ക്ക് കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ പോലീസ് കസ്റ്റഡിയിലും യാതൊരു കൂസലുമില്ലാതെയായിരുന്നു ഹമീദിന്റെ പെരുമാറ്റം. സ്വത്ത് തർക്കത്തിന് പുറമേ മറ്റുപലകാര്യങ്ങളെച്ചൊല്ലിയും ഹമീദ് വീട്ടിൽ നിരന്തരം വഴക്കിട്ടിരുന്നതായാണ് വിവരം.
എല്ലാ ദിവസവും മീനും ഇറച്ചിയും വേണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. ഇതേച്ചൊല്ലിയും വീട്ടിൽ വഴക്ക് പതിവായിരുന്നു. ജയിലിലാണെങ്കിൽ രണ്ടു ദിവസമെങ്കിലും മട്ടൺ കിട്ടുമെന്നും പ്രതി സമീപത്തെ കടകളിലെത്തി പറഞ്ഞിരുന്നു. ഇന്ന് പുലർച്ചെയാണ് ഹമീദ് മകനെയും കുടുംബത്തെയും വീടിന് തീവെച്ച് കൊലപ്പെടുത്തിയത്. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹർ, അസ്ന എന്നിവരാണ് മരിച്ചത്.
കൊലപാതകം ആസൂത്രിതമാണെന്നാണ് പോലീസ് വിലയിരുത്തൽ. ഒരു വർഷത്തിലേറെയായി സ്വത്ത് തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നും കഴിഞ്ഞദിവസമുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു. പ്രതിയ്ക്കെതിരെ ശക്തമായ തെളിവുകളും സാക്ഷികളും ഉണ്ടെന്ന് ഡി.ഐ.ജി നീരജ്കുമാർ വ്യക്തമാക്കി. ആസൂത്രിത
കൊലപാതകം, തീവയ്പ് എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ഹമീദിനെതിരെ ചുമത്തിയിരിക്കുന്നത്.