തൂക്കിക്കൊല്ലാതിരിക്കാൻ പറ്റുവോ, ഇല്ല ആല്ലേ !!!
രാജ്യാന്തര കൊച്ചി റീജിയണൽ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനെത്തിയ റിമ മിനി സ്കർട്ട് ധരിച്ച് വേദിയിൽ എത്തിയതിനെതിരെ സൈബർ ആക്രമണം പ്രചരിച്ചതോടെ നിരവധി പേർ റിമയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നു. ഗായിക അഭയ ഹിരൺമയിയും തന്റെ പിന്തുണ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. രസകരമായ ക്യാപ്ഷനോടെയാണ് അഭയ മിനി സ്കർട്ട് ഇട്ടുനിൽക്കുന്ന ചിത്രം പങ്കുവെച്ചത്. തൂക്കിക്കൊല്ലാതിരിക്കാൻ പറ്റുവോ, ഇല്ല ആല്ലേ !!! ആഹ്ഹഹ്ഹ എന്ന ക്യാപ്ഷനോടെയാണ് അഭയ ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി പേർ അഭയയുടെ ചിത്രത്തെ പ്രശംസിച്ച് കമന്റ് ചെയ്യുകയും ചെയ്തു.
സിനിമയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാൻ വന്നപ്പോൾ ധരിച്ചിരുന്ന വസ്ത്രം കണ്ടോ എന്നും മാന്യമായി വസ്ത്രം ധരിച്ചുകൂടെ.. തുടങ്ങിയ സദാചാര കമന്റുകളായിരുന്നു റിമയ്ക്കെതിരെ ഉയർന്നിരുന്നത്. റിമ ചർച്ച ചെയ്ത ഗൗരവമേറിയ വിഷയത്തേക്കാൾ നെഗറ്റീവ് ചിന്താ ഗതിക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചത് താരത്തിന്റെ ഔട്ട്ഫിറ്റായിരുന്നു. നേരത്തേയും വസ്ത്രധാരണത്തിന്റെ പേരിൽ റിമ സൈബറിടത്തിൽ അധിക്ഷേപം നേരിട്ടിരുന്നു.