തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് ഇനി രാമേശ്വരം വരെ….
പാലക്കാട്: തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ് രാമേശ്വരം വരെ സര്‍വീസ് നീട്ടി. 2020ല്‍ തന്നെ വണ്ടി രാമേശ്വരത്തേക്ക് നീട്ടുമെന്നത് സംബന്ധിച്ച് പ്രഖ്യാപനം വന്നിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ വച്ച് ചേര്‍ന്ന ടൈം ടേബിള്‍ കമ്മിറ്റിയിലാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും കോട്ടയം, എറണാകുളം ടൗണ്‍, പാലക്കാട് ജംഗ്ഷന്‍, പാലക്കാട് ടൗണ്‍, പൊള്ളാച്ചി ജംഗ്ഷന്‍, ഉദുമല്‍പേട്ട്, പഴനി, ദിണ്ഡിഗല്‍ ജംഗ്ഷന്‍, മധുരൈ, മാനാമധുര, രാമനാഥപുരം വഴിയാണ് വണ്ടി രാമേശ്വരത്ത് എത്തുക.
നിലവില്‍ തിരുവനന്തപുരത്ത് നിന്ന് രാത്രി 8.30നാണ് അമൃത എക്സ്പ്രസ് പുറപ്പെടുന്നത്. രാവിലെ 10.10ന് മധുരയില്‍ എത്തിച്ചേരും. രാമേശ്വരത്തേക്ക് നീട്ടുമ്പോള്‍ നിലവിലുള്ള സമയക്രമത്തില്‍ മാറ്റം വരും. പുതിയ റെയില്‍വേ ടൈം ടേബിളില്‍ രാമേശ്വരത്തേക്ക് നീട്ടിയതും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമയക്രമമായിരിക്കും ഉണ്ടാകുക. പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് തൂത്തുക്കുടിയിലേക്കും, ഗുരുവായൂര്‍-പുനല്ലൂര്‍ എക്‌സ്പ്രസ് മധുരയിലേക്കും, ബെംഗുളൂരു- കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്കും ഇതേപോലെ സര്‍വീസ് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. അതേസമയം കോയമ്പത്തൂരോ, ചെങ്കോട്ടയിലോ, നാഗര്‍കോവിലോ സര്‍വീസ് അവസാനിപ്പിക്കുന്ന ട്രെയിനുകള്‍ ഒന്നും കേരളത്തിലേക്ക് നീട്ടാന്‍ റയില്‍വെ താല്‍പ്പര്യപ്പെട്ടിട്ടില്ല. ഭുവനേശ്വര്‍-ചെന്നൈ ട്രെയിന്‍ എറണാകുളം വരെ നീട്ടാനുളള ശുപാര്‍ശയും റെയില്‍വേ അംഗീകരിച്ചില്ല. തിരുവനന്തപുരം- പാലക്കാട് ടൗണ്‍ അമൃത എക്സ്പ്രസ് ആദ്യം പഴനിയിലേക്കും പിന്നീട് മധുരയിലേക്കും ഇപ്പോള്‍ രാമേശ്വരത്തേക്കും നീട്ടുമ്പോഴാണ് ഇത്.