തയ്യൽ പഠിക്കാൻ വന്ന പെൺകുട്ടിയെ ടീച്ചർ ജ്യൂസ് കൊടുത്ത് മയക്കി, പിന്നീട് നടന്നത് കൂട്ടബലാത്സംഗം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധിയാളുകൾ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ രണ്ട് സ്ത്രീകൾ അടക്കം ആറ് പേരെ പൊലീസ് പിടികൂടി. രാജേശ്വരി, കലാവതി, റഫീഖ്, ശരത്ത്, സത്യരാജു, കേശവമൂർത്തി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തയ്യൽക്കാരായ രാജേശ്വരി, കല എന്നീ സ്ത്രീകളെ കൂട്ട ബലാത്സംഗത്തിന് ഒത്താശ ചെയ്തതിനാണ് പിടികൂടിയത്. പോക്സോ, തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ബലാത്സംഗത്തിനിരയായ പെൺകുട്ടി സ്കൂളിലെ ക്ലാസ് കഴിഞ്ഞ് തയ്യൽ പഠിക്കാനായി രാജേശ്വരിയുടെ കടയിൽ പോകുമായിരുന്നു. രാജേശ്വരി പെൺകുട്ടിയെ ബോധരഹിതയാക്കാൻ വേണ്ടി മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി. തുടർന്ന് കേശവമൂർത്തി എന്നയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു. സംഭവം ആരോടും പറയരുതെന്ന് രാജേശ്വരി കുട്ടിയെ ഭീഷണിപ്പെടുത്തി. പീഡനം നടന്ന് രണ്ട് ദിവസത്തിന് ശേഷം കലാവതി എന്ന സ്ത്രീയുടെ വീട്ടിലേക്ക് രാജേശ്വരി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് നാല് ദിവസങ്ങളിലായി നിരവധി പേർ പെൺകുട്ടിയെ കടബലാത്സംഗം ചെയ്യുകയായിരുന്നു. രാജേശ്വരിയും കലാവതിയും ചേർന്ന് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയവരിൽ നിന്ന് പണം കൈപ്പറ്റിയിരുന്നു.
നാല് ദിവസത്തെ തുടർച്ചയായ പീഡനത്തിന് ശേഷം ഗുരുതരമായ അസുഖത്തെ തുടർന്നാണ് പെൺകുട്ടി വീട്ടുകാരോട് വിവരം പറയുന്നത്. കുട്ടിയുടെ മാതാപിതാക്കൾ എച്ച്.എസ്.ആർ ലേഔട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ആറ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂട്ടബലാത്സംഗക്കേസിൽ അറസ്റ്റിലായ രാജേശ്വരി ബംഗളൂരുവിലെ എച്ച്.എസ്.ആർ എന്ന പ്രദേശത്ത് തയ്യൽക്കട നടത്തുകയാണ്.